സ്വന്തം ലേഖകൻ: ഐഫോണുകളിലേക്കും, ഐപാഡുകളിലേക്കും, മാക്കുകളിലേക്കും അതിവേഗം ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ സുരക്ഷാ പിഴവ് കണ്ടെത്തിയെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. ഐഒഎസ്, ഐപാഡ് ഒഎസ്, മാക്ഒഎസ് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ അവയില്‍ എത്രയും വേഗം ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സുരക്ഷാപിഴവ് ഇപ്പോള്‍ത്തന്നെ ഹാക്കർമാർ ദുരുപയോഗം ചെയ്തു തുടങ്ങിയിരിക്കാമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയെല്ലാം പുതിയ പതിപ്പുകള്‍ അവതരിപ്പിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ ആപ്പിള്‍ ഒരു അപ്‌ഡേറ്റ് ഇറക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രാധാന്യമെന്താണെന്നു മനസിലാക്കാമല്ലോ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സെപ്റ്റംബര്‍ 7ന് ഐഒഎസ് 16 പുറത്തിറക്കിയേക്കാം എന്നിരിക്കെയാണ് ആപ്പിൾ ഇപ്പോള്‍ ഐഒഎസ് 15.6.1 പുറത്തിക്കുകയും അത് എല്ലാവരും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നത്. ‘ദുരുദ്ദേശപരമായി സൃഷ്ടിച്ച വെബ് കണ്ടെന്റ്’ ഉപയോഗിച്ച് ആപ്പിള്‍ ഉപകരണങ്ങളിലേക്ക് കടന്നുകയറിയേക്കാം എന്നാണ് ആപ്പിള്‍ പോസ്റ്റു ചെയ്ത രേഖകളില്‍ പറഞ്ഞിരിക്കുന്നത് ന്യൂസ് വീക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഉപകരണങ്ങള്‍ക്ക് ബാറ്ററി മികച്ച രീതിയില്‍ കിട്ടുന്നുണ്ടെങ്കില്‍ 50 ശതമാനം വരെയെങ്കിലും ചാര്‍ജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കില്‍ ചാര്‍ജറുമായി കണക്ടു ചെയ്യുക. ഇന്റര്‍നെറ്റുമായി കണക്ടു ചെയ്ത ശേഷം സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്ന പാതയിലെത്തി ‘ഇന്‍സ്റ്റാള്‍ നൗ’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഏതെങ്കിലും കാരണവശാല്‍ ഇത് കണ്ടെത്താനാകാത്തവര്‍ സെറ്റിങ്‌സിലെ സേര്‍ച്ച് ബാറില്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് (software update) എന്ന് സേര്‍ച്ച് ചെയ്യുക. അതേസമയം, ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി ഉടമകളും തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കുന്നതും നല്ല കാര്യമായിരിക്കുമെന്നും ന്യൂസ് വീക്ക് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല