കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ വാച്ച് കമ്പനി പ്രഖ്യാപിച്ചത്. വിലയുടെ കാര്യത്തില്‍ അമ്പരിപ്പിക്കുമെങ്കിലും ധാരാളം പേര്‍ വാച്ച് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചന. അതിനിടയിലാണ് ആപ്പിള്‍ വാച്ച് വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ മാര്‍ച്ച് 9 ന് അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ പുതിയ ഗാഡ്ജറ്റ്, ഏപ്രില്‍ 24 നാണ് വിപയിലെത്തുക. വാച്ച് വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ അതുവെച്ചുള്ള തട്ടിപ്പ് തുടങ്ങിയെന്നതാണ് രസകരം.
ലോകമെമ്പാടുമുള്ള ആപ്പിള്‍ പ്രേമികളെ കുടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ ശ്രമം തുടങ്ങിയതായും നിരവധി പേര്‍ ഇതിനകം തന്നെ അതില്‍ വീണതായും വാര്‍ത്തകളുണ്ട്. ആപ്പിള്‍ വാച്ച് വാഗ്ദാനം ചെയ്ത് സ്വകാര്യവിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തുന്നത്.
ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നി നവമാധ്യമങ്ങള്‍ വഴിയാണ് പ്രധാനമായും തട്ടിപ്പ് അരങ്ങേറുന്നത്. കൂടാതെ സ്പാം മെയിലുകളായും തട്ടിപ്പുകാര്‍ കറങ്ങി നടക്കുന്നുണ്ട്. ആപ്പിളിന്റേത് എന്ന പേരില്‍ ട്വിറ്ററിലും മറ്റും ‘സൗജന്യമായി ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് സ്വന്തമാക്കൂ’ എന്ന പേരില്‍ ഫിഷിങ് കെണികള്‍ പ്രചരിച്ചിട്ടുണ്ട്. ട്വിറ്റര്‍ കൂടാതെ ഫെയ്‌സ്ബുക്കിലും ഇത്തരം കെണികള്‍ വ്യാപകമാകുന്നുണ്ട്.
349 ഡോളര്‍ (21,941 രൂപ) മുതല്‍ 17,000 ഡോളര്‍ (10,68,072 രൂപ) വരെ വിലയുള്ള 38 വ്യത്യസ്ത മോഡലുകളിലായാണ് ആപ്പിള്‍ വാച്ച് പുറത്തിറക്കുന്നത്. ഏപ്രില്‍ 24 മുതല്‍ ആപ്പിള്‍ വാച്ചുകളുടെ വില്പന തുടങ്ങും. ആവശ്യക്കാര്‍ക്ക് ഏപ്രില്‍ 10 മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് നടത്താം. പതിനായിരം ഡോളറിന്റെ വാച്ച് 18 കാരറ്റിന്റെ റോസ് ഗോര്‍ഡ് കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയാകട്ടെ ഇന്ദ്രനീലം കൊണ്ടുതീര്‍ത്തതും. മാഗ്‌നറ്റിക് ചാര്‍ജിങ് കേസുമുണ്ട് ഈ വാച്ചിന്.
മിനുട്ട് സൂചിയും സെക്കന്‍ഡ് സൂചിയുമൊക്കെയുള്ള സാധാരണവാച്ച് തന്നെയാണ് കാഴ്ചയില്‍ ആപ്പിള്‍ വാച്ച്. ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും അടക്കമുള്ള ഒട്ടുമിക്ക മൊബൈല്‍ ആപ്ലിക്കേഷനുകളും വാച്ചിന്റെ ഡയലില്‍ പ്രവര്‍ത്തിപ്പിക്കാം. ഫോണ്‍കോളുകള്‍ സ്വീകരിക്കാനും എസ്.എം.എസുകള്‍ വായിക്കാനുമൊക്കെ വാച്ചിലേക്ക് നോക്കിയാല്‍ മതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല