സ്വന്തം ലേഖകൻ: യുഎഇയിൽ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവർക്ക് ഗവൺമെന്റ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിക്കുന്നവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിക്കും. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് പാസ്‌പോർട്ട് കാലാവധിയുടെ കാര്യത്തിലും ഇളവ് നൽകും.
പൊതുമാപ്പിൽ ഔട്ട്പാസ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്നായിരുന്നു നിയമം. എന്നാൽ, പൊതുമാപ്പ് കാലാവധി അവസാനിക്കുന്ന ഒക്ടോബർ 31 വരെ അവസരം നൽകാനാണ് പുതിയ തീരുമാനമെന്ന് ഐ.സി.പി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വീസാ നിയമലംഘനത്തിന്റെ പിഴകൾ ഒഴിവാക്കി നിയമവിധേയമായി മടങ്ങുന്നവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കാനാണ് തീരുമാനമെന്ന് ക്ലൈന്റ് ഹാപ്പിനസ് വിഭാഗം ഡയറക്ടർ ലഫ് ജനറൽ സലീം ബിൻ അലി പറഞ്ഞു.
രേഖകൾ ശരിയാക്കി യു.എ.ഇയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് നടപടികൾ പൂർത്തിയാക്കാൻ അവരുടെ പാസ്‌പോർട്ടുകൾ ഒരുമാസം കാലാവധിയെങ്കിലും ബാക്കിയുണ്ടായാൽ മതിയെന്ന ആനൂകൂല്യവും ഐ.സി.പി പ്രഖ്യാപിച്ചു. നേരത്തേ പാസ്‌പോർട്ടിന് കുറഞ്ഞത് ആറുമാസമെങ്കിലും കാലാവധി വേണമെന്നായിരുന്നു നിയമം. പാസ്‌പോർട്ട് പുതുക്കി കിട്ടാനുള്ള കാലതാമസം ഒഴിവാക്കി പുതിയ വീസയിലേക്ക് മാറാൻ നിരവധി പേർക്ക് ഈ ഇളവ് അവസരമൊരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല