സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ പോലും, ഈ വര്‍ഷം അവസാനിക്കുന്നതോടെ, ഇ വീസ പ്രാബല്യത്തില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് നാടുവിട്ട് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ്. ബയോമെട്രിക് റെസിഡെന്റ് പെര്‍മിറ്റ് (ബി ആര്‍ പി), ബയോമെട്രിക് റെസിഡെന്‍സ് കാര്‍ഡ് (ബി ആര്‍ സി) എന്നിവയ്ക്ക് പകരമായി ഓണ്‍ലൈന്‍ വീസ കൊണ്ടുവരുന്നതാണ് ഇ വീസ. എന്നാല്‍, ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല എന്ന് വിമര്‍ശകര്‍ പറയുന്നു.
നിലവിലെ പെര്‍മിറ്റുകള്‍ ഒരു വ്യക്തിക്ക് ബ്രിട്ടനില്‍ താമസിക്കാനും, വീട് വാടകക്ക് എടുക്കാനും, ജോലി ചെയ്യുവാനും അതുപോലെ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനുമുള്ള അര്‍ഹത തെളിയിക്കുന്നവയാണ്. എന്നാല്‍, ഇ വീസയുടെ ഡിസൈനിലും, അത് വിതരണം ചെയ്യുന്നതിലും, നടപ്പാക്കുന്നതിലുമുള്ള പാകപ്പിഴകള്‍ കാരണം നിരവധി പ്രശ്നങ്ങല്‍ ഉയര്‍ന്ന് വന്നേക്കുമെന്ന് വിമര്‍ശകര്‍ അടിവരയിട്ട് പറയുന്നു. യു കെയില്‍ താമസിക്കുന്നതിനുള്ള അവകാശം തെളിയിക്കുന്ന രേഖകള്‍ കൈവശം ഉള്ള ഏതാണ്ട് 2 ലക്ഷം പേരെ കുറിച്ചാണ് പ്രത്യേകിച്ചും ആശങ്കയുയരുന്നത്.
ഇവര്‍ ആദ്യമായി ബി ആര്‍ പിക്ക് അപേക്ഷിക്കണം. പിന്നീട് ഒരു യു കെ വീസയ്ക്ക് വേണ്ടിയും ഇമിഗ്രേഷന്‍ അക്കൗണ്ടിന് വേണ്ടിയും അപേക്ഷിക്കണം. ഇതില്‍ പ്രായമായ പലര്‍ക്കും ഒരുപക്ഷെ ഇ വീസക്ക് അപേക്ഷിക്കേണ്ട കാര്യം അറിയില്ലായിരിക്കും. ഒരുപക്ഷെ തങ്ങല്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങല്‍ നില്‍ക്കുമ്പോഴോ അതല്ലെങ്കില്‍ ഏതെങ്കിലും പൊതു സേവനത്തിനായി അപേക്ഷിക്കുമ്പോഴോ ആയിരിക്കും ഇവര്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങുക. ഇതുവരെ പലര്‍ക്കും ഇ വീസയിലേക്ക് മാറാനുള്ള അറിയിപ്പ് ഹോം ഓഫീസില്‍ നിന്നും അയയ്ക്കാത്തത് പ്രശ്നങ്ങല്‍ കൂടുതല്‍ വഷളാക്കിയേക്കാം.
ഉദാഹരണത്തിന്, 1974 ല്‍ ബ്രിട്ടനില്‍ ദീര്‍ഘകാലം തുടരുന്നതിനുള്ള അനുമതിയായ ഇന്‍ഡെഫെനിറ്റ് ലീവ് ടു റിമെയ്ന്‍ ലഭിച്ച വ്യക്തിയാണ് അമേരിക്കന്‍ നടിയായ കാത്‌ലീന്‍ ഹാര്‍പര്‍ എന്ന 78 കാരി. അവര്‍ക്ക് ഹോം ഓഫീസില്‍ നിന്നും ഇ വീസ പദ്ധതിയെ കുറിച്ച് അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അടുത്തിടെ അമേരിക്കയില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞപ്പോഴാണ് അവര്‍ അക്കാര്യം അറിയുന്നത് തന്നെ. അമ്പത് വര്‍ഷത്തോളം ഐ എല്‍ ആര്‍ ഉണ്ടായിട്ടും അവരോട് പെര്‍മിറ്റിനായി വീണ്ടും അപേക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബ്രിട്ടനില്‍ ജീവിച്ചിരുന്ന 50 വര്‍ഷ കാലയളവിലെ ഓരോ വര്‍ഷവും അവര്‍ ബ്രിട്ടനില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് ഹാജരാക്കാനും ഹോം ഓഫീസ് അവരോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഏത് തരം തെളിവാണ് വേണ്ടതെന്ന് ചോദ്യത്തിന് കൃത്യമായ ഉത്തരം ഹോം ഓഫീസ് നല്‍കുന്നില്ല എന്ന് നടി പറയുന്നു. എന്നാല്‍, ബ്രിട്ടനില്‍ ഒരു നടിയായി ജോലി ചെയ്തതിനാല്‍ ഇവിടെ തന്റെ സാന്നിദ്ധ്യം തെളിയിക്കാന്‍ നിരവധി രേഖകള്‍ ഉണ്ടാകും എന്ന് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. തന്നെ, നാടുകടത്തുകയില്ല എന്നു, എന്നാല്‍, നേരത്തെ ബുക്ക് ചെയ്ത ജനുവരിയിലെ ശ്രീലങ്കന്‍ യാത്ര കഴിഞ്ഞെത്തുമ്പോള്‍ ഒരുപക്ഷെ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ ഇടയില്ലെന്നുമാണ് ഹോം ഓഫീസില്‍ നിന്നും ലഭിച്ച വിവരം എന്നും അവര്‍ പറയുന്നു. ബ്രിട്ടനില്‍ താമസിക്കാന്‍ അനുവാദം ലഭിച്ചിട്ടുള്ള ബ്രിട്ടീഷ് പൗരന്മാര്‍ അല്ലാത്ത പലരും ഈ ആശങ്ക പങ്കുവയ്ക്കുകയാണ്.
തന്റെ വിദേശിയായ ഭാര്യ അടുത്ത തവണ കുടുംബത്തെ കാണാന്‍ സ്വന്തം രാജ്യത്തേക്ക് പോയി തിരികെ എത്തുമ്പോള്‍ ഒരുപക്ഷെ രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചേക്കുമെന്ന ആശങ്കയിലാണ് മറ്റൊരു ബ്രിട്ടീഷ് പൗരന്‍. തന്റെ ഭാര്യയ്ക്ക് ഇ വീസ ലഭിച്ചു എന്ന് അയാള്‍ പറയുന്നു. അതില്‍ ഫോട്ടോയും ജനനതീയതിയുമുണ്ട്. എന്നാല്‍, പാസ്സ്‌പോര്‍ട്ട് നമ്പറില്ല. ഇത് ഒരു വിമാനക്കമ്പനി എങ്ങനെ ഇമിഗ്രേഷന്‍ സ്റ്റാറ്റസിനുള്ള തെളിവായി സ്വീകരിക്കും എന്നാണ് അയാള്‍ ചോദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല