1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2024

സ്വന്തം ലേഖകൻ: ഫാമിലി വീസ എടുക്കാന്‍ സ്‌പോണ്‍സര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ കുടുംബ വീസക്കായി അപേക്ഷകർ കൂടുന്നു. അപേക്ഷയുമായി നൂറുകണക്കിന് പ്രവാസികളാണ് കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള റസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫീസുകളില്‍ എത്തുന്നത്.

പ്രത്യേകിച്ച് ഫര്‍വാനിയ, അഹമ്മദി, ഹവല്ലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് ദൃശ്യമായത്. ഭാര്യയ്ക്കും 14 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കുമാണ് കുടുംബ വീസ/ആശ്രിത വീസ ലഭിക്കാന്‍ അവസരമുള്ളത്.
കഴിഞ്ഞ ദിവസമാണ് ഫാമിലി വീസ എടുക്കാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്നയാള്‍ക്ക് ബിരുദം വേണമെന്ന നേരത്തേയുള്ള നിബന്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ 800 ദിനാര്‍ ശമ്പളം വേണമെന്ന നിബന്ധന അതേപടി തുടരുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് പ്രവാസികളാണ് തങ്ങളുടെ ഉറ്റവരെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനായി മുന്നോട്ടുവന്നത്.

നിബന്ധനയില്‍ ഇളവ് നല്‍കിയ ശേഷമുള്ള ആദ്യദിവസം ഏകദേശം 540 അപേക്ഷകളാണ് ആശ്രിത വീസയ്ക്കുള്ള അപേക്ഷകളുമായി റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റുകളില്‍ എത്തിയത്. ഇതില്‍ 320 പേര്‍ക്ക് വീസ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. ഫര്‍വാനിയ, ഹവല്ലി, അഹമ്മദി എന്നീ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ അപേക്ഷകര്‍ എത്തിയത്.

അപേക്ഷകര്‍ മുന്‍കൂട്ടി അപ്പോയിന്‍റ്മെന്‍റ് എടുത്താണ് ഓഫീസുകളില്‍ വരുന്നത്. എന്നാല്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ ചില അപേക്ഷകള്‍ നിരസിക്കപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൂടുതല്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സാധുതയുള്ള പാസ്പോര്‍ട്ട്, പുതിയ വര്‍ക്ക് പെര്‍മിറ്റ്, ശമ്പള സര്‍ട്ടിഫിക്കറ്റ് എന്നിവയും ഫാമിലി വീസ അപേക്ഷയോടൊപ്പം നല്‍കേണ്ടതുണ്ട്.

അതിനിടെ, ഗാര്‍ഹിക വീസകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനുള്ള അനുമതി നിലവില്‍ വന്ന ആദ്യ ദിവസം തന്നെ 300 വീട്ടുജോലിക്കാര്‍ അവസരം ഉപയോഗപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സ്‌പോണ്‍സറുടെ അനുമതിയുണ്ടെങ്കില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വീസ മാറാന്‍ അധികൃതര്‍ അനുവാദം നല്‍കിയിരുന്നു. വരും ദിനങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍.

വിദേശത്ത് നിന്ന് പുതിയ ജോലിക്കാരെ കണ്ടെത്തി നിയമിക്കുന്നതിന് പകരം രാജ്യത്തിനകത്തുള്ള തൊഴിലാളികളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി സ്വകാര്യ കമ്പനികളിലെ മനുഷ്യശേഷി ക്ഷാമം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.