1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2024

സ്വന്തം ലേഖകൻ: യുകെ യൂണിവേഴ്സിറ്റികളില്‍ പഠനത്തിനായി വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി ഹോം ഓഫീസ് രേഖകള്‍ പറയുമ്പോള്‍ യൂണിവേഴ്സിറ്റികള്‍ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സ്പോണ്‍സേര്‍ഡ് സ്റ്റഡി വീസയ്ക്കുള്ള അപെക്ഷകളില്‍ 28 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണങ്ങളുടെ അനന്തരഫലമാണിത് എന്നാണ് പൊതുനിഗമനം.

കഴിഞ്ഞ മാസം ഹോം ഓഫീസിന് ലഭിച്ചത് 28,200 സ്പോണ്‍സേര്‍ഡ് സ്റ്റഡി വീസയ്ക്കുള്ള അപേക്ഷകളായിരുന്നു അതേസമയം 2023 ജൂണ്‍ മാസം ലഭിച്ചത് 38,900 അപെക്ഷകളായിരുന്നു എന്നതോര്‍ക്കണം. സാധാരണയായി വേനല്‍ക്കാലത്തിന്റെ അവസാനത്തോടെയാണ് വീസ അപേക്ഷകള്‍ കൂടുതലായി കിട്ടാറുള്ളത്. അതുകൊണ്ടു തന്നെ സെപ്റ്റംബര്‍ ആകുമ്പോഴേക്കും സ്ഥിതിഗതികള്‍ മെച്ചപ്പെടും എന്ന പ്രതീക്ഷയിലാണ് യൂണിവേഴ്സിറ്റികള്‍.

എന്നാല്‍, അടുത്തിടെ ലഭ്യമായ ചില കണക്കുകളെ അടിസ്ഥാനമാക്കി ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രശ്നങ്ങള്‍ അവസാനിക്കില്ല എന്ന് മാത്രമല്ല, സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത എന്നാണ്. വിദേശ വിദ്യാര്‍ത്ഥികള്‍, യു കെ യൂണിവേഴ്സിറ്റികളിലെ എന്റോള്‍മെന്റുകള്‍ മാനേജ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന എന്റോളി എന്ന സര്‍വ്വീസ് പറയുന്നത്, യു കെയിലെ 31 യൂണിവേഴ്സിറ്റികളിലെ കണക്കനുസരിച്ച്, വിദേശ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ലഭിക്കുന്ന ഡെപ്പോസിറ്റില്‍ ജൂലായ് അവസാനം വരെ 41 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട് എന്നാണ്.

ഇതില്‍ പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകളിലാണ് വന്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. 2023 മായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനം കുറവാണ് പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവരില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്കുള്ള അപേക്ഷകളില്‍ ഉണ്ടായിട്ടുള്ളത് 23 ശതമാനത്തിന്റെ കുറവാണ്.ജനുവരി മുതല്‍, പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്കോ അണ്ടര്‍ ഗ്രാഡ്വേറ്റ് കോഴ്സുകള്‍ക്കോ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിത വീസയില്‍ കുടുംബത്തെ കൊണ്ടുവരാനാകില്ല. അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകാന്‍ പ്രധാന കാരണം ഇതു തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.