സ്വന്തം ലേഖകൻ: യൂണിവേഴ്സിറ്റി പഠനം മാത്രമല്ല, നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വഴി എന്ന് ബ്രിട്ടീഷ് യുവത തിരിച്ചറിഞ്ഞിരിക്കുന്നു. മാത്രമല്ല, ചുരുങ്ങിയത് 27,000 പൗണ്ടെങ്കിലും വായ്പയെടുക്കേണ്ട സാഹചര്യത്തിലേക്ക് തള്ളിവിടുന്ന യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പലര്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കുന്നു. അതുകൊണ്ടു തന്നെ യൂണിവേഴ്സിറ്റി പഠനം പലരും തങ്ങളുടെ സ്വപ്നങ്ങളില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
അതുകൊണ്ടു തന്നെ അപ്രന്റീസ്ഷിപ് കോഴ്സുകള്‍ക്ക് ആവശ്യകാര് ഏറുകയാണ്. യൂക്കാസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒന്‍പത് മുതല്‍ 12 വയസ്സുവരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ 59 ശതമാനം പേരും യൂണിവേഴ്സിറ്റി കോഴ്സുകളും അപ്രന്റീസ്ഷിപ് കോഴ്സുകളും തമ്മില്‍ താരതമ്യം ചെയ്ത് വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. യൂക്കാസില്‍ അപ്രന്റീസ്ഷിപ് കോഴ്സുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 62.4 ശതമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
കടം കുന്നു കൂടുന്നതിന് പകരമായി അപ്രന്റീസ്ഷിപ് കോഴ്സുകള്‍, പഠനകാലത്ത് തന്നെ ഒരു വരുമാനം സൃഷ്ടിക്കുകയും, പ്രായോഗിക പരിശീലനം നല്‍കുക വഴി വളരെ പെട്ടെന്ന് തന്നെ ഒരു ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു. അതില്‍ തന്നെ, എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ പോലുള്ള അപ്രന്റീസ്ഷിപ് കോഴ്സുകള്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇതെ കോഴ്സുകള്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ചവരേക്കാള്‍ ശമ്പളം അപ്രന്റീസ്ഷിപ് കഴിഞ്ഞവര്‍ക്ക് നേടിക്കൊടുക്കുകയും ചെയ്യുന്നു.
നേരത്തെ മാന്വല്‍ ട്രേഡ് മേഖലകളില്‍ മാത്രം ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ് കോഴ്സുകള്‍ ഇന്ന് ഒട്ടുമിക്ക മേഖലകളിലും ഉണ്ട് എന്നതും ഈ കോഴ്സുകളുടെ പ്രീതി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് നിയമ പഠനത്തിനുള്ള അപ്രന്റീസ്ഷിപ് കോഴ്സ്. ഷ്രൂസ്ബറിയിലെ എഫ് ബി സി മാന്‍ബൈ ബൗഡ്ലര്‍ സോളിസിറ്റേഴ്സ് നല്കുന്ന ആറു വര്‍ഷത്തെ ഡിഗ്രി അപ്രന്റീസ്ഷിപ്പിന് പഠിക്കുന്ന നോവ പറയുന്നത്, നിയമം എന്താണെന്നതിന്റെ പ്രായോഗിക ജ്ഞാനം ഈ കോഴ്സ് വഴി ലഭിക്കും എന്നാണ്. മാത്രമല്ല, ആറു വര്‍ഷത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍, ഒരു സോളിസിറ്റര്‍ ആകാനുള്ള സമ്പൂര്‍ണ്ണ യോഗ്യതയും ലഭിക്കും.
നിയമം മുതല്‍ ആരോഗ്യ രംഗം വരെ ഇന്ന് ഏതാണ്ട് എല്ലാ മേഖലകളിലും ഇത്തരത്തിലുള്ള അപ്രന്റീസ്ഷിപ് കോഴ്സുകള്‍ നിലവില്‍ വന്നിരിക്കുന്നു. പഠനത്തോടൊപ്പം വരുമാനം എന്നതിനു പുറമെ, തൊഴിലില്‍ പ്രായോഗിക പരിജ്ഞാനം നേടാനും ഇത്തരം കോഴ്സുകള്‍ ഉപകരിക്കും. അതുകൊണ്ടു തന്നെ, എഞ്ചിനീയറിംഗ് പോലുള്ള പല മേഖലകളിലും, അപ്രന്റീസ്ഷിപ് കഴിഞ്ഞെത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിയുമ്പോള്‍, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയവരേക്കാള്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാമായിരിക്കാം ബ്രിട്ടീഷ് യുവതയെ കൂടുതലായി അപ്രന്റീസ്ഷിപ് കോഴ്സുകളിലേക്ക് നയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല