ജനാധിപത്യ പ്രക്ഷോഭം രൂക്ഷമായി തുടരുന്ന സിറിയയിലെ തങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടാന്‍ ഗള്‍ഫ് സഹകരണ സമിതി(ജിസിസി)യിലെ നാലംഗങ്ങള്‍കൂടി പ്രഖ്യാപിച്ചു. കുവൈറ്റ്, ഒമാന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുള്‍ലത്തീഫ് അല്‍ സെയ്നിയെ ഉദ്ധരിച്ചു സൌദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മറ്റ് അംഗങ്ങളായ സൌദി അറേബ്യയും ബഹ്റൈനും എംബസി അടച്ചുപൂട്ടുന്ന കാര്യം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. സിറിയന്‍ പ്രക്ഷോഭം ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണു ഡമാസ്കസിലെ എംബസികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് അല്‍ സെയ്നി അറിയിച്ചു. അറബ് ലീഗ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സിറിയന്‍ ഭരണാധികാരി അസാദ് തള്ളിയതിലും ജനങ്ങളെ കൂട്ടക്കൊല ചെയ്തതിലും പ്രതിഷേധിച്ചാണു നടപടി.
അതേസമയം തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്‌ലിബ് പ്രവിശ്യയില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. 23 പേരുടെ മൃതദേഹങ്ങള്‍ കൈകള്‍ പിന്നില്‍ കെട്ടിയനിലയില്‍ കണ്ടെത്തിയതായി മനുഷ്യാവകാശസംഘടനകള്‍ അറിയിച്ചു. ഇതിനു പിന്നാലെ ആയിരത്തോളം പേര്‍ സിറിയയില്‍ നിന്നു തുര്‍ക്കിയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്. ഹോംസില്‍ മൂന്ന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
സിറിയന്‍ ജനകീയ പ്രക്ഷോഭത്തിന് ഒരു വയസ്സു തികഞ്ഞ വ്യാഴാഴ്ച പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണക്കുന്നവര്‍ വിവിധ നഗരങ്ങളില്‍ പ്രകടനം നടത്തി. പലയിടങ്ങളിലും തങ്ങള്‍ക്കെതിരെ വെടിവെപ്പുണ്ടായതായി വിമതര്‍ ആരോപിച്ചു.
അറബ് ലീഗിന്റെയും ഐക്യരാഷ്ട്രസഭയുടെയും പ്രത്യേക പ്രതിനിധിയായി സിറിയ സന്ദര്‍ശിച്ച കോഫി അന്നന് സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിന്റെ വിശദീകരണം വെള്ളിയാഴ്ചയും ലഭിച്ചില്ല. അനുകൂലമായ പ്രതികരണം നല്‍കുമെന്ന് ബുധനാഴ്ച സര്‍ക്കാര്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല