1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2023

സ്വന്തം ലേഖകൻ: മേഖലയുടെ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് അറബ് ഐക്യം ശക്തിപ്പെടണമെന്ന ജിദ്ദ പ്രഖ്യാപനത്തോടെ അറബ് ലീഗ് ഉച്ചകോടി സമാപിച്ചു. ഒരു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് 22 രാജ്യ പ്രതിനിധികൾ അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തും പുറത്തും സുരക്ഷിതത്വവും സ്ഥിരതയും നേടാനുള്ള ശ്രമം തുടരുമെന്നും ഉച്ചകോടി ആവർത്തിച്ചു.

ഇസ്രയേൽ–പലസ്തീൻ സംഘർഷം, സുഡാനിലെ ആഭ്യന്തര യുദ്ധം, യെമനിലെ സമാധാന ശ്രമങ്ങൾ, ലിബിയയിലെ അസ്ഥിരത, ലബനനിലെ രാഷ്ട്രീയ സാഹചര്യം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്തു. 2011ൽ സസ്പെൻഡ് ചെയ്ത ശേഷം ആദ്യമായി സിറിയ പങ്കെടുത്ത ഉച്ചകോടി എന്ന പ്രത്യേകതയുമുണ്ട്. സിറിയ പ്രസിഡന്റ് ബഷാർ അൽ അസദിന് ഊഷ്മള സ്വീകരണമാണ് ഉച്ചകോടി നൽകിയത്.

പലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായാൽ മാത്രമേ മേഖലയിലെ സമാധാനം വീണ്ടെടുക്കാനാകൂ എന്ന് ഉച്ചകോടി ആവർത്തിച്ചു. കിഴക്കൻ ജറുസലം തലസ്ഥാനമാക്കി 1967ലെ അതിർത്തി അടിസ്ഥാനമാക്കി പലസ്തീൻ രാജ്യം നിലവിൽ വരണമെന്നും ആവശ്യപ്പെട്ടു. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളെയും അപലപിച്ചു.

യെമന്റെ സുരക്ഷയും സ്ഥിരതയും വീണ്ടെടുക്കാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സംഘർഷത്തിനിടെ പിടിച്ചെടുത്ത മേഖലകളിൽ നിന്ന് ഹൂതികൾ പിന്മാറണമെന്നും സൈനിക, സുരക്ഷാ സ്ഥാപനങ്ങളിൽനിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുംവിധം സുഡാനിൽ വിദേശ ഇടപെടലുകളെ വിമർശിക്കുകയും ചെയ്തു.

അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പുനരേകീകരണത്തിനും സഹായകമാകുമെന്നും വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കും അഴിമതിക്കുമെതിരെ പോരാട്ടം തുടരാനും സുരക്ഷ, സ്ഥിരത, ക്ഷേമം എന്നിവ ഉറപ്പാക്കാൻ അംഗരാജ്യങ്ങൾ കൈകോർക്കണമെന്നും ആവശ്യപ്പെട്ടു. അറബ് ലോകത്തെ സംഘർഷ മേഖലയാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് ഉച്ചകോടി അധ്യക്ഷൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

മേഖലയിലെ പ്രശ്നപരിഹാരത്തിന് സൗദി തീവ്രപരിശ്രമം നടത്തുന്നതായും സൂചിപ്പിച്ചു. അറബ് രാജ്യങ്ങളുമായുള്ള ബന്ധം ഉറപ്പിക്കുന്നതിനൊപ്പം കിഴക്കുമായും പടിഞ്ഞാറുമായുള്ള സൗഹൃദം തുടരുമെന്നും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.