
സ്വന്തം ലേഖകൻ: ചെറിയ ക്ലാസുകളിലെ കുട്ടികളിൽ അറബിക് ഭാഷാ പരിജ്ഞാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നയം അവതരിപ്പിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ). ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബാല കേന്ദ്രങ്ങളിലും ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് അറബിക് വിദ്യാഭ്യാസം നിർബന്ധമാക്കുന്നതാണ് പുതിയ നയം.
എമിറാത്തി സംസ്‌കാരം, ഭാഷ, പൈതൃകം എന്നിവയെക്കുറിച്ച് അഭിമാനബോധം വളർത്താൻ സഹായിക്കുന്നതിന് സ്‌കൂളുകളിലും സമൂഹത്തിലും അറബിക് ഉപയോഗം ശക്തിപ്പെടുത്താനാണ് സംരംഭത്തിന്റെ ലക്ഷ്യം. യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലും പുതിയ നിർദേശം നടപ്പാക്കും.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഈ വർഷം സെപ്റ്റംബർ മുതലും ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് 2026 ഏപ്രിൽ മുതലും പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകും. ഈ വർഷം സെപ്റ്റംബർ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനം. നാല് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള അറബിക് വിദ്യാഭ്യാസം ഉൾക്കൊള്ളുന്നതാണ് ആദ്യ ഘട്ടം. വരും വർഷങ്ങളിൽ കൂടുതൽ ഘട്ടങ്ങൾ ആരംഭിക്കുകയും ആറ് വയസ്സ് വരെയുള്ള എല്ലാ കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യും.
ആദ്യഘട്ടത്തിൽ രസകരമായ കളികളിലൂടെയാണ് അറബിക് അധ്യാപനം. കൂടാതെ സ്‌കൂളുകളും ബാല കേന്ദ്രങ്ങളും പ്രാദേശികവും അല്ലാത്തതുമായ അറബിക് സംസാരിക്കുന്നവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി വൈവിധ്യമാർന്ന ഭാഷാ പഠന മാതൃകകൾ നടപ്പാക്കും. കുട്ടികളുടെ ആശയസംവാദത്തിന്റെ മൂന്നിലൊന്ന് സമയമെങ്കിലും കുട്ടികളെ സംവേദനാത്മകവും സാംസ്കാരിക പ്രസക്തവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നതിന് ഒരു അറബിക് അധ്യാപകന്റെ സാന്നിധ്യം ഉണ്ടായിരിക്കണം.
അറബിക് അധ്യാപകർക്ക് ശരിയായ യോഗ്യതയുണ്ടെന്നും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് പ്രഫഷണൽ ഡെവലപ്‌മെന്റിന്റെ പിന്തുണയുണ്ടെന്നും സ്‌കൂളുകളും ബാല കേന്ദ്രങ്ങളും ഉറപ്പാക്കണമെന്നും കെഎച്ച്ഡിഎ നിർദേശിച്ചു. ദൈനംദിന ജീവിതത്തിൽ അറബിക് പഠനത്തെ പ്രോത്സാഹിപ്പിക്കും വിധം സ്‌കൂളിലും വീടുകളിലും കുട്ടികളെ പിന്തുണയ്ക്കാൻ രക്ഷിതാക്കളും മുന്നോട്ടുവരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല