സ്വന്തം ലേഖകന്‍: അറബിയില്‍ സംസാരിച്ചതിന് യുട്യൂബ് താരം ആദം സ്വാലിഹിനെ ഹീത്രോ വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഹീത്രോ വിമാനത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്നാണ് ആദമിനേയും സുഹൃത്തിനെയും ഇറക്കിവിട്ടത്.
ആദം അമ്മയുമായി ഫോണില്‍ അറബിയില്‍ സംസാരിച്ചതില്‍ മറ്റു യാത്രക്കാര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു ക്യാപ്റ്റന്‍ എത്തി കാര്യം അന്വേഷിക്കുകയും വിമാനത്തിന്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നീടു മറ്റൊരു വിമാനത്തില്‍ ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നെന്ന് സലേ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമാനകമ്പനി അധികൃതര്‍ മാപ്പു പറഞ്ഞു. എന്നാല്‍ സലേയ്‌ക്കെതിരെ ഇരുപതിലധികം യാത്രക്കാര്‍ പരാതിപ്പെട്ടെന്ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇട്ട പ്രസ്താവനയില്‍ വിമാനകമ്പനി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച് ആദം തന്റെ ഫേസ്ബുക്ക് പേജിലിട്ട വിഡിയോ 18 മില്യണ്‍ ആളുകളാണ് ഇതിനകം കണ്ടത്. ആറ് ലക്ഷത്തിലധികം ഷെയറും 75000 ഓളം കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ‘ഇത് 2016 ആണ്. അറബി ഭാഷയില്‍ സംസാരിച്ചതിന് ഡെല്‍റ്റ എയര്‍ലൈന്‍ എന്നെ പുറത്താക്കുകയണ്. നിങ്ങള്‍ വര്‍ണവെറിയന്മാരാണ്. ഞാന്‍ അന്യഭാഷയില്‍ ഒരു വാക്ക് സംസാരിച്ചത് നിങ്ങള്‍ക്ക് സഹിക്കാനായില്ല അല്ലേ?’ എന്ന് വിമാനത്തില്‍ പൈലറ്റുമായി തര്‍ക്കിക്കുന്ന ആദം പറയുന്നതും വീഡിയോയില്‍ കാണാം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗും വൈറലായിട്ടുണ്ട്. 2.2 മില്യണ്‍ വരിക്കാരാണ് ആദം സ്വാലിഹിന് യൂടൂബിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല