സ്വന്തം ലേഖകന്‍: ആറന്മുള വിമാനത്താവള പദ്ധതിയെക്കുറിച്ചുള്ള അവസാന പ്രതീക്ഷകളും ഇല്ലാതാക്കിക്കൊണ്ട് വിമാനത്താവളത്തിന് നല്‍കിയ അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. മന്ത്രാലയം വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള കെജിഎസ് ഗ്രൂപ്പിനെ ഇക്കാര്യം അറിയിച്ചു. നേരത്തെ കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു.
ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതിയുണ്ടെന്ന് രാജ്യസഭയില്‍ കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിഷേധങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ വിമാനത്താവളത്തിനു നല്‍കി അനുമതി പുനഃപരിശോധിക്കുമെന്ന് മന്ത്രാലയം അറിയിക്കുകയായ്ണ് ചെയ്തത്.
മൂന്നു മന്ത്രാലയങ്ങളാണ് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത്. ഇതില്‍ പരിസ്ഥി മന്ത്രാലയത്തിന്റെ അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കുകയും അതു സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. 2011 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്.
എന്നാല്‍ ഏതാനും ദിവസം മുന്‍പ് അനുമതി റദ്ദാക്കിക്കൊണ്ട് പ്രതിരോധമന്ത്രാലയവും ഉത്തരവിറക്കി. ഇതിന്റെ പകര്‍ക്ക് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് അയച്ചു കൊടുക്കകയും ചെയ്തു.
രാജ്യത്ത് ഈ വര്‍ഷം നിര്‍മിക്കാനുദ്ദേശിക്കുന്ന 15 വിമാനത്താവളങ്ങളുടെ പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയ പദ്ധതിയാണിത്. രണ്ടു ഘട്ടങ്ങളിലായി 2000 കോടി രൂപ മുതല്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ വിമാനത്താവളം നിര്‍മ്മിക്കാനായിരുന്നു പദ്ധതി.
അനുമതി റദ്ദായതോടെ മധ്യ കേരളത്തിലേയും തെക്കന്‍ കേരളത്തിലേയും പ്രവാസികളുടേയും ശബരിമല തീര്‍ഥാടകരുടേയും പ്രതീക്ഷകളാണ് വെള്ളത്തിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല