കോട്ടയം:വിശ്വാസത്തെ മുറകെപ്പിടിച്ചും ഉറക്കെപ്പറഞ്ഞും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ അധ്യക്ഷനുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപോലീത്ത പൗരോഹിത്യത്തില്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. ചങ്ങനാശ്ശേരിക്കടുത്ത് കുറുമ്പനാടത്ത് പൗവത്തില്‍ ജോസഫ് മറിയക്കുട്ടി ദമ്പതിമാരുടെ മകനായി 1930 ആഗസ്ത് 14നാണ് മാര്‍ പൗവത്തില്‍ ജനിച്ചത്. 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് അധ്യാപകനായിരിക്കെ 1972 ഫിബ്രവരി 13ന് അതിരൂപതാസഹായമെത്രാനായി. 1977മുതല്‍ 85വരെ കാഞ്ഞിരപ്പള്ളി മെത്രാനായും 85 മുതല്‍ 2007വരെ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പായും അജപാലനദൗത്യം നിര്‍വഹിച്ചു. 1993 മുതല്‍ 98 വരെ കെ.സി.ബി.സി. ചെയര്‍മാനായും 94 മുതല്‍ 98 വരെ സി.ബി.സി.ഐ. പ്രസിഡന്റായും ചുമതലവഹിച്ചു.
അതിരൂപതാധ്യക്ഷന്‍ എന്ന നിലയില്‍ ഒട്ടേറെ സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടക്കമിട്ടു. പാണ്ഡിത്യത്തോടൊപ്പം അടിയുറച്ച നിലപാടുകളുംവഴി കേരളസഭയില്‍ അദ്ദേഹം സ്ഥാനം നേടി. സംശുദ്ധ ജീവിതവും ചലനാത്മകമായ ശ്ലൈഹിക നേതൃത്വവും മാര്‍ പൗവത്തിലിനെ പൊതുജീവിതത്തിലും ശ്രദ്ധേയനാക്കി. പിതാവിന്റെ മെത്രാഭിഷേക റൂബി ജൂബിലിയും ഒക്‌ടോബര്‍ രണ്ടിന് വിശ്വാസിസമൂഹം വിപുലമായി ആഘോഷിക്കുകയാണ്. രാവിലെ 11ന് ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദേവാലയത്തില്‍ കേരള സഭയിലെ മെത്രാന്മാര്‍ക്കും അതിരൂപതയിലെ നാനൂറോളം വൈദികര്‍ക്കുമൊപ്പം മാര്‍ പൗവത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നതുള്‍പ്പെടെ പരിപാടികളാണെന്ന് ആഘോഷകമ്മിറ്റി കണ്‍വീനര്‍ അതിരൂപതാവികാരി ജനറാള്‍ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍ അറിയിച്ചു. ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സന്ദേശം നല്‍കും.
ഉച്ചതിരിഞ്ഞ് 2.30ന് എസ്.ബി. കോളേജ് കാവുക്കാട്ട് ഹാളില്‍ നടക്കുന്ന ജൂബിലിസമ്മേളനത്തിലേക്ക് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെ മാര്‍ പൗവത്തിലിനെ ആനയിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റം അധ്യക്ഷത വഹിക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കുറിലോസ്, ചെങ്ങന്നൂര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ അത്തനാസിയോസ്, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അതിരൂപതയുടെ ഉപഹാരം സി.എഫ്. തോമസ് എം.എല്‍.എ. സമര്‍പ്പിക്കും. വികാരി ജനറാള്‍മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ. ഡോ. ജെയിംസ് പാലയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ടോം പുന്തന്‍കുളം എന്നിവര്‍ ഭാരവാഹികളായുള്ള നൂറ്റിയൊന്ന് അംഗകമ്മിറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല