ചില മലയാളി താരങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്നത് തമിഴകമാണ്. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന് മുന്നൂറ് മലയാളം സിനിമകള്‍ ക്രെഡിറ്റിലുണ്ടെങ്കിലും ‘ഇരുവര്‍’ കൂടുതല്‍ സ്പെഷ്യലായ ഒന്നല്ലേ? അമല പോളിന് ‘മൈന’ കിട്ടിയതോടെ ജാതകം തന്നെ മാറിപ്പോയി. നയന്‍താരയ്ക്കും അസിനും ഭാഗ്യം കൊണ്ടുവന്നത് തമിഴകമല്ലേ?‘കുഞ്ഞിമാളു’വായി മലയാളത്തില്‍ അരങ്ങേറിയ അര്‍ച്ചന കവി എന്ന യുവനടിക്ക് പിന്നീട് ‘മമ്മി ആന്റ് മീ’യിലെ ജ്യുവല്‍ മാത്രമാണ് എടുത്തുപറയാനുള്ള ഒരു കഥാപാത്രം. കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും അര്‍ച്ചനയ്ക്ക് കരുത്തുള്ള വേഷങ്ങള്‍, ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ മലയാളം നല്‍കിയില്ല.
തമിഴകം അര്‍ച്ചന കവിക്കും ഭാഗ്യം കൊണ്ടുവരികയാണ്. വെയില്, അങ്ങാടിത്തെരു എന്നീ സിനിമകള്‍ക്ക് ശേഷം വസന്തബാലന് സംവിധാനം ചെയ്യുന്ന ‘അരവാന്’ എന്ന ചിത്രത്തില്‍ അര്‍ച്ചനയാണ് നായിക. ആദി നായകനാകുന്ന ഈ ചിത്രം ഒരു ചരിത്ര സിനിമയാണ്. ‘ചിമിട്ടി’ എന്നാണ് അര്‍ച്ചന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
വളരെ ബോള്‍ഡും അഗ്രസീവുമായ കഥാപാത്രമാണ് ചിമിട്ടി. തന്റെ ചുറ്റുമുള്ളവരെയെല്ലാം ഭരിച്ചുനടക്കുന്നവള്. അരവാനില്‍ നിറഞ്ഞുനില്ക്കുന്ന ഈ കഥാപാത്രത്തിലൂടെ അര്‍ച്ചന കോളിവുഡിന് പ്രിയപ്പെട്ട നായികയായി മാറുമെന്നാണ് പ്രതീക്ഷ. കഥാപാത്രത്തിന്റെ ശരീരഭാഷ ഉള്‍ക്കൊള്ളാനും മധുര സ്ലാംഗില്‍ സംസാരിക്കാനും അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അര്‍ച്ചന സ്കോര്‍ ചെയ്തെന്നുതന്നെയാണ് സംവിധായകന്റെ അഭിപ്രായം.
പശുപതി, കബീര്‍ ബേദി, ഭരത്, ശ്വേതാ മേനോന്, ധന്‍സിക തുടങ്ങിയവരും ചിത്രത്തിലെ താരങ്ങളാണ്. 1310നും 1910നും ഇടയിലുള്ള കാലഘട്ടമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘കാവല്‍ കോട്ടം’ എന്ന തമിഴ് നോവലിലെ ഒരു അധ്യായമാണ് ‘അരവാന്’ എന്ന ചിത്രമായി വസന്തബാലന് ആവിഷ്കരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല