സ്വന്തം ലേഖകൻ: ലോകകപ്പില്‍ അര്‍ജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് ആരാധകര്‍ക്ക് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് കേരളത്തിന്റെയും പേരെടുത്ത് പറഞ്ഞ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നന്ദി രേഖപ്പെടുത്തിയത്. ദേശീയ ഫുട്‌ബോള്‍ ടീമീന്റെ ട്വിറ്റര്‍ പേജിലാണ് പ്രതികരണം. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ആരാധകര്‍ക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോ റീ ട്വീറ്റ് ചെയ്തുകൊണ്ടാണ് അസോസിയേഷന്‍ ഇക്കാര്യം പറഞ്ഞത്. നന്ദി ബംഗ്ലാദേശ്, നന്ദി കേരളം, ഇന്ത്യ, പാകിസ്ഥാന്‍. നിങ്ങളുടെ പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു. ഇതിന് താഴെ കേരളത്തില്‍ നിന്നടക്കം നിരവധി അര്‍ജന്റീന ആരാധകരാണ് കമന്റുമായി എത്തിയത്.
ഇന്നലെ രാത്രി ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ലോക കിരീടം നേടിയത്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ് ടൂര്‍ണമെന്റിലെ താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെക്കാണ് ഗോള്‍ഡന്‍ ബൂട്ട്. അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് ഗോള്‍ഡന്‍ ഗ്ലൗ നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല