സ്വന്തം ലേഖകന്‍: പാകിസ്താന്റെ പ്രസിഡന്റായി ഡോ. ആരിഫ് അല്‍വിയെ തെരഞ്ഞെടുത്തു; അല്‍വിയുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും കുടുംബത്തിന്റേയും ദന്തഡോക്ടര്‍. 69 കാരനായ ആരിഫ് അല്‍വി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫ് (പി.റ്റി.ഐ) സ്ഥാപകരില്‍ പ്രധാനിയാണ്.
എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് ആരിഫ് അല്‍വി വിജയിച്ചത്. പാകിസ്താന്‍ ദേശീയ സഭയിലും സെനറ്റിലുമായി ആകെ 430 വോട്ടുകളാണുള്ളത്. ഇതില്‍ 212 ഉം ആരിഫ് അല്‍വി നേടിയപ്പോള്‍ അഹ്‌സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം 81 ഉം 131 ഉം വോട്ടുകളാണ് നേടിയത്.
ദന്ത ഡോക്ടറായിരുന്ന ആരിഫ് അല്‍വി 2006 മുതല്‍ 2013 വരെ പി.റ്റി.ഐയുടെ സെക്രട്ടറി ജനറലായിരുന്നു. 2013ല്‍ ദേശീയ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അല്‍വി വിജയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലും കറാച്ചിയില്‍നിന്ന് ദേശീയ സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റായ മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി സെപ്റ്റംബര്‍ 8ന് അവസാനിക്കും.
ആരിഫ് അല്‍വിയുടെ പിതാവ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും കുടുംബത്തിന്റേയും ദന്തഡോക്ടറായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ആരിഫ് അല്‍വിയുടെ പാര്‍ട്ടിയുടെ (പി.ടി.ഐ.) വെബ്‌സൈറ്റിലാണ് ഇക്കാര്യം പറയുന്നത്. വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് പോയ ഡോക്ടറുമായി നെഹ്‌റു കത്തിടപാടുകള്‍ നടത്തിയിരുന്നുവെന്നും ആ കത്തുകളെല്ലാം ആരിഫ് അല്‍വിയുടെ കൈവശമുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല