സ്വന്തം ലേഖകൻ: ശത്രുവിനെ നശിപ്പിക്കുന്നവന്‍ – അരിഘട്ട് എന്ന സംസ്‌കൃത വാക്കിന്റെ അര്‍ഥം ഇതാണ്. ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതല്‍ കരുത്തേകാനായി എത്തുന്ന ആണവ ബാലിസ്റ്റിക് മിസൈല്‍ വാഹക അന്തര്‍വാഹിനിക്ക് (എസ്.എസ്.ബി.എന്‍) ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു പേരില്ല. എസ്-3 എന്ന് കൂടി അറിയപ്പെടുന്ന ഐ.എന്‍.എസ്. അരിഘട്ട് വ്യാഴാഴ്ച നാവികസേനയുടെ ഭാഗമാകും. അരിഹന്ത് ക്ലാസ് വിഭാഗത്തിൽ പെടുന്ന അന്തർവാഹിനിയാണ് ഐ.എൻ.എസ്. അരിഘട്ട്. 2018-ല്‍ കമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ്. അരിഹന്ത് ആണ് നിലവില്‍ ഇന്ത്യയുടെ ഏക ആണവ അന്തര്‍വാഹിനി.
വിശാഖപട്ടണത്ത് വെച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് ഐ.എന്‍.എസ്. അരിഘട്ട് കമ്മിഷന്‍ ചെയ്യുക. നാവികസേനാ ചീഫ് ഓഫ് സ്റ്റാഫ് അഡ്മിറല്‍ ദിനേഷ് ത്രിപാഠി, ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ സൂരജ് ബെറി എന്നിവര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരുടേയും ഡി.ആര്‍.ഡി.ഒയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാകും അരിഘട്ടിന്റെ കമ്മിഷനിങ്. ഇന്ത്യന്‍ സ്ട്രാറ്റജിക് കമാന്‍ഡിന്റെ കീഴിലാകും ഐ.എന്‍.എസ്. അരിഘട്ട് പ്രവര്‍ത്തിക്കുക.
ഇന്ത്യയുടെ രണ്ടാം ആണവ അന്തര്‍വാഹിനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. എങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള 12 സാഗരിക (കെ-15) ആണവ ബാലിസ്റ്റിക് മിസൈലുകളോ 3,500 കിലോമീറ്റര്‍ മുതല്‍ 5,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള നാല് കെ-4 ആണവ മിസൈലുകളോ വഹിക്കാന്‍ അരിഘട്ടിന് ശേഷിയുണ്ട്. മുന്‍ഗാമിയായ അരിഹന്തിനേക്കാള്‍ കൂടുതലാണ് ഇത്.
112 മീറ്ററാണ് അരിഘട്ടിന്റെ നീളം. ഐ.എന്‍.എസ്. അരിഹന്തിന്റേതിന് സമാനമായി 83 മെഗാവാട്ട് പ്രഷറൈസ്ഡ് ലൈറ്റ് വാട്ടര്‍ റിയാക്ടര്‍ തന്നെയാണ് ഐ.എന്‍.എസ്. അരിഘട്ടിനും കരുത്തേകുന്നത്. പരമ്പരാഗത ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളില്‍നിന്ന് വ്യത്യസ്തമായി മാസങ്ങളോളം വെള്ളത്തിനടിയില്‍ തന്നെ തുടരാന്‍ ഇത് അരിഘട്ടിനെ സഹായിക്കും. ഇന്തോ-പസഫിക് മേഖലയിലെ ദീര്‍ഘദൂര പട്രോളിങ്ങാണ് 6,000 ടണ്‍ ഭാരമുള്ള ഈ ആണവ അന്തര്‍വാഹിനിയുടെ ദൗത്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഐ.എന്‍.എസ്. അരിദമന്‍ എന്ന ഇന്ത്യയുടെ മൂന്നാം ആണവ മിസൈല്‍ വാഹക അന്തര്‍വാഹിനിയും (എസ്.എസ്.ബി.എന്‍) അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇത് അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. എസ്-4 എന്ന കോഡ് നാമം നല്‍കിയിട്ടുള്ള നാലാം ആണവ അന്തര്‍വാഹിനിയും പിന്നാലെ വരുമെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്നുള്ള സൂചന. നിലവില്‍ ഐ.എന്‍.എസ്. അരിഹന്ത് ആണ് ഇന്ത്യയുടെ ഏക ആണവ അന്തര്‍വാഹിനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല