സ്വന്തം ലേഖകൻ: ജര്‍മനിയില്‍ ശിശുസംരക്ഷണവകുപ്പിന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍വംശജയായ കുഞ്ഞ് അരിഹ ഷായെ വിട്ടു കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം ജര്‍മന്‍ കോടതി നിരസിച്ചു. കുഞ്ഞിനേറ്റ പരിക്ക് ആകസ്മികമാണെന്ന മാതാപിതാക്കളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി ഇവര്‍ക്ക് കുട്ടിയെ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്നത്. കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും കോടതി ന്യായീകരിച്ചു.
രണ്ടര വയസ് പ്രായമുള്ള അരിഹാ ഷായെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ബെര്‍ലിനിലെ പാങ്കോവ് കോടതി തള്ളിയത്. അരിഹാ ഷായ്ക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ 2021 സെപ്റ്റംബര്‍ മുതല്‍ ജര്‍മനിയിലെ ബെര്‍ലിനിലെ ഒരു കെയര്‍ഹോമിലാണ് കഴിയുന്നത്. കുട്ടിയെ മാതാപിതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ചാണ് ജര്‍മന്‍ അധികൃതര്‍ കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
2018-ലാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ഭാവേഷ് ഷായും ഭാര്യ ധാരയും മുംബൈയില്‍ നിന്ന് ജര്‍മനിയിലേക്ക് ജോലി ആവശ്യാര്‍ത്ഥം പോയത്. ജര്‍മനിയില്‍ താമസിച്ചുവരുന്നതിനിടെയാണ് അരിഹ പിറക്കുന്നത്. ഒരു ദിവസം കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീണ് അരിഹ ഷായുടെ സ്വകാര്യ ഭാഗത്ത് ചെറിയ പരിക്കേറ്റു.
തുടര്‍ന്ന് ധാരയും ഭാവേഷും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ കൊണ്ട് പോകുകയും ചികിത്സ നല്‍കുകയും ചെയ്തു. ഇതിനിടെ ഇരുവരേയും ആശുപത്രി അധികൃതര്‍ വിളിപ്പിച്ചു. കുട്ടിയുടെ മുറിവുകള്‍ പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം നടന്നതായി സൂചനകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുത്തശ്ശി ഒപ്പമുണ്ടായിരുന്നപ്പോഴാണ് കുട്ടിക്ക് ആകസ്മികമായി പരിക്കേറ്റതെന്ന് മാതാപിതാക്കള്‍ വാദിച്ചു. എന്നാല്‍ കുട്ടിക്കുണ്ടായ പരിക്ക് സംബന്ധിച്ച് ഡോക്ടര്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.
തുടര്‍ന്ന് അരിഹയെ ജര്‍മനിയിലെ കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ഈ സമയം കുഞ്ഞിന് ഏഴ് മാസം മാത്രമായിരുന്നു പ്രായം. ജര്‍മന്‍ നിയമം അനുസരിച്ച് കുട്ടികള്‍ ഏതെങ്കിലും തരത്തില്‍ വീടുകളില്‍ അക്രമത്തിനിരയായാല്‍ ഉടനടി ബന്ധപ്പെട്ട വകുപ്പുകള്‍ കുഞ്ഞുങ്ങളെ ഏറ്റെടുക്കും.
അരിഹയുടെ വിഷയത്തില്‍ മാതാപിതാക്കള്‍ക്കെതിരെ ജര്‍മന്‍ പോലീസ് അന്വേഷണവും ആരംഭിച്ചു. കുട്ടിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അന്വേഷണം. എന്നാല്‍ പിന്നീട് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് മാതാപിതാക്കള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റം ഒഴിവാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ ജര്‍മന്‍ അധികൃതര്‍ തയ്യാറായില്ല. പരിക്കുകള്‍ക്ക് ഉത്തരവാദി ദമ്പതികളാണോ എന്ന് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ക്രിമിനല്‍ കുറ്റങ്ങള്‍ ഉപേക്ഷിച്ചതെന്നും കുട്ടിയുടെ സുരക്ഷ സംബന്ധിച്ച ചട്ട ലംഘനം നടന്നെന്നുമാണ് അധികൃതര്‍ പറഞ്ഞത്.
ഇതിനിടെ കുടുംബ കോടതി മാതാപിതാക്കളായ ധാര, ഭാവേഷ് ഷാ എന്നിവര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ കുഞ്ഞിനെ കാണാന്‍ അനുമതിയും നല്‍കി. പിന്നീട് കുഞ്ഞിന്റെ പൂര്‍ണ്ണ സംരക്ഷണം കൈമാറണം എന്നാവശ്യപ്പെട്ട് ധാര നല്‍കിയ ഹര്‍ജിയാണിപ്പോള്‍ ജര്‍മന്‍ കോടതി തള്ളിയത്. കുഞ്ഞിന്റെ പരിക്ക് ആകസ്മികമായി ഉള്ളതല്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
സംഭവം ഇന്ത്യയിലും വലിയ ശ്രദ്ധനേടുകയുണ്ടായി. കുട്ടിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ജര്‍മനിയോട് നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി., കോണ്‍ഗ്രസ്, സി.പി.എം., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെ 19 പാര്‍ട്ടികളില്‍നിന്നുള്ള 59 എം.പി.മാരുടെ സംഘം ഇന്ത്യയിലെ ജര്‍മന്‍ അംബാസഡര്‍ ഫിലിപ്പ് അക്കെര്‍മന് കത്തയക്കുകയും ചെയ്തിരുന്നു.
കുഞ്ഞിനെ വിട്ടുനല്‍കാന്‍ കാലതാമസമെടുക്കുന്നത് ദോഷംചെയ്യുമെന്നാണ് എം.പി.മാര്‍ കത്തില്‍ പറഞ്ഞത്. സ്വന്തംരാജ്യം, ആളുകള്‍, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് കുട്ടികള്‍ വളരേണ്ടത്. അതിനാല്‍ അരിഹയെ ഇന്ത്യയിലേക്ക് തിരികെയെത്തിക്കേണ്ടത് അത്യാവശ്യമാണ്.
ഡി.എന്‍.എ. ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കല്‍ അടക്കമുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയിട്ടും കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറാനുള്ള നടപടികള്‍ നീട്ടിക്കൊണ്ടുപോവുകയാണെന്നും എം.പി.മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല