ദിലീപ് നായകനായ ‘അരികെ’ തിയേറ്ററുകളില്‍ നിശബ്ദ വിപ്ലവമുണ്ടാക്കുന്നു. ഈ ശ്യാമപ്രസാദ് ചിത്രം ഹിറ്റായി മാറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കൊച്ചു പ്രണയചിത്രം പതിയെപ്പതിയെ തരംഗമായി മാറുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.
ദിലീപ്, സംവൃത, മംമ്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ശന്തനു എന്ന ഗവേഷകനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. അയാളുടെ കാമുകി കല്പ്പനയായി സംവൃതയും ഇവരുടെ കൂട്ടുകാരി അനുരാധയായി മംമ്തയും എത്തുന്നു.
ശന്തനുവും കല്‍പ്പനയും പ്രണയത്തിലാണ്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോകുന്ന അവരെ സഹായിക്കാന്‍ അനുരാധ തീരുമാനിക്കുന്നു. ശന്തനുവും കല്‍പ്പനയും അനുരാധയും തമ്മിലുള്ള രസകരവും തീക്ഷ്ണവുമായ ബന്ധത്തിന്റെ ചിത്രീകരണമാണ് അരികെ.
നല്ല ഗാനങ്ങള്‍, മികച്ച ഛായാഗ്രഹണം, ഒഴുക്കുള്ള എഡിറ്റിംഗ്, താരങ്ങളുടെ ഗംഭീര പെര്‍ഫോമന്‍സ് അങ്ങനെ എല്ലാം ഒത്തിണങ്ങിയ സിനിമയാണിത്. ശ്യാമപ്രസാദിന്റെ മുന്‍ ചിത്രങ്ങളെപ്പോലെ സങ്കീര്‍ണമല്ല അരികെയുടെ കഥാഘടനയും ആഖ്യാനവും. അതുകൊണ്ടുതന്നെ സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ഈ സിനിമയും ഹിറ്റായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മായാമോഹിനിയിലൂടെ ഒരു മെഗാഹിറ്റ് സൃഷ്ടിച്ച ദിലീപ് അരികെയിലെ പ്രകടനത്തിലൂടെ വീണ്ടും വിസ്മയിപ്പിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല