1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2023

സ്വന്തം ലേഖകൻ: ചിന്നക്കനാല്‍ മേഖലയുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. വന്‍ സജ്ജീകരണങ്ങളോടെ ലോറിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കൊടി സീനിയര്‍ ഓടയില്‍ എത്തിച്ചു. അസമില്‍ നിന്നു എത്തിച്ച ജിപിഎസ് കോളര്‍ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങള്‍ ഈ സംവിധാനം വഴി നിരീക്ഷിക്കും.

ജനവാസ കേന്ദ്രങ്ങളില്‍ നിന്നു 23 കിലോമീറ്റര്‍ അകലെയാണ് കൊമ്പനെ തുറന്നുവിട്ടത്. പരിശോധനയില്‍ ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് പറഞ്ഞു. ശരീരത്തിലെ മുറിവുകള്‍ സാരമുള്ളതല്ലെന്നും വനം വകുപ്പ് വ്യക്തമാക്കി. അഞ്ച് മയക്കു വെടികള്‍ വച്ചും നാല് കുങ്കിയാനകളുടെ സഹായത്തോടെയുമാണ് അരിക്കൊമ്പനെ വനം വകുപ്പ് അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയത്.

പിടികൂടല്‍ ദൗത്യത്തിന്റെ അവസാനഘട്ടത്തില്‍ പെരുമഴ പെയ്‌തെങ്കിലും രാവിലെമുതല്‍ ലഭിച്ച അനുകൂല സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി ദൗത്യസംഘം നടപ്പാക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 10.45-ഓടെ അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമെട്ടില്‍ നിന്ന് ദൗത്യത്തിന് അനുയോജ്യമായ സിമന്റുപാലം മേഖലയിലേക്ക് എത്തിയതായി വനംവകുപ്പിന് വിവരം ലഭിച്ചു. ഇതനുസരിച്ചാണ് ദൗത്യസംഘം ശനിയാഴ്ച രാവിലെ ട്രാക്കിങ് തുടങ്ങിയത്.

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണ വിജയമാണെന്നും കുമളിയിലെത്തിച്ച അരിക്കൊമ്പന് ആവശ്യമായ ചികില്‍സ നല്‍കിയെന്ന് ഡോ. അരുണ്‍ സക്കറിയ. പുലര്‍ച്ചെ 5.15 ഓടെയാണ് ആനയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടത്. തുറന്നു വിടുന്നതിന് മുമ്പ് ചികിത്സ നല്‍കി. നിലവില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോ. അരുണ്‍ സക്കറിയ പറഞ്ഞു.

ആനയുടെ മുറിവുകള്‍ക്ക് മരുന്ന് നല്‍കി. തുറന്നുവിട്ടത് ആരോഗ്യം വീണ്ടെടുത്തശേഷമാണ്. അഞ്ച് മയക്കുവെടിവച്ചു എന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കില്ല. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. നിരീക്ഷണം തുടരും. ആനയെ നിര്‍ത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ മരുന്നാണ് നല്‍കിയത്. ആനയുടെ ജിപിഎസ് കോളറില്‍നിന്ന് സിഗ്‌നലുകള്‍ കിട്ടിത്തുടങ്ങിയെന്നും അരിക്കൊമ്പനെ തുടര്‍ന്നും കൃത്യമായി നിരീക്ഷിക്കുമെും സിസിഎഫ് അരുണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.