സ്വന്തം ലേഖകൻ: ഉത്തരകന്നഡയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് മലയാളി ഡ്രൈവർ അര്‍ജുന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകും.
അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.
ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവില്‍ വ്യാഴാഴ്ച രാവിലെയാണ് അര്ജുന് ഓടിച്ച ലോറി ഗംഗാവാലി പുഴയില്‍നിന്ന് പുറത്തെടുക്കാനായത്. ലോറിയുടെ ക്യാബിനുള്ളില്‍നിന്ന് അർജുന്റെ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.
വസ്ത്രങ്ങള്‍, ചെരുപ്പ്, ബാഗ്, വാച്ച് വാഹനത്തിന്റെ രേഖകള്‍ എന്നിവയും രണ്ട് വയസുകാരനായ കുഞ്ഞിനായി വാങ്ങിവച്ചെന്ന് കരുതുന്ന കളിപ്പാട്ടവും കണ്ടെത്തി. ക്യാബിനുള്ളില്‍ നിറഞ്ഞിരുന്ന ചെളി നീക്കം ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം കണ്ടെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല