1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2024

സ്വന്തം ലേഖകൻ: ലോറി ഉടമ മനാഫിനെതിരെയും ഈശ്വര്‍ മാല്‍പെയ്‌ക്കെതിരേയും ഗുരുതര ആരോപണവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയെ മാനസികമായി തളര്‍ത്തുന്ന വാക്കുകള്‍ പോലും മനാഫ് പറഞ്ഞു. അര്‍ജുന്റെ മകനെ തന്റെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്നതടക്കമുള്ള അസംബന്ധങ്ങള്‍ മനാഫ് മാധ്യമങ്ങളോട് പുലമ്പിക്കൊണ്ടിരിക്കുകയാണെന്നും കുടുംബം പറഞ്ഞു. അർജുന്റെ കുടുംബം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സഹോദരീഭർത്താവ് ജിതിനാണ് കൂടുതലും സംസാരിച്ചത്.

“അര്‍ജുന്റെ പേരില്‍ മനാഫിന് നിരവധി ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. അര്‍ജുന്റെ ഫണ്ട് തങ്ങളെടുത്തെന്ന വിധത്തിലാണ് പ്രചാരണങ്ങള്‍ നടക്കുന്നത്. അര്‍ജുന് വേണ്ടി പിരിക്കുന്ന പണമെല്ലാം കിട്ടേണ്ട വേറെ അര്‍ഹരുണ്ട്. അത് അവര്‍ക്ക് കിട്ടട്ടെ. മാധ്യമശ്രദ്ധയ്ക്കുവേണ്ടി പണം തന്ന് അത് യുട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യുട്യൂബിലും മറ്റും അപ്ലോഡ് ചെയ്ത സംഭവങ്ങളുണ്ട്.

പക്ഷാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അര്‍ജുന്റെ അമ്മയുമായി നിരന്തരം ബന്ധപ്പെട്ടും മനാഫും മാല്‍പെയും വൈകാരികത ചൂഷണം ചെയ്തു. ഈശ്വര്‍ മാല്‍പെയെ കൊണ്ടുവന്നത് മനാഫാണ്. മനാഫും മാല്‍പെയും ചേര്‍ന്ന് ഷിരൂരില്‍ ഡ്രഡ്ജര്‍വെച്ച് നാടകപരമ്പര തന്നെ നടത്തി. അത് അവിടെയുള്ള മാധ്യമങ്ങള്‍ക്കെല്ലാം അറിയാം. ആദ്യത്തെ രണ്ട് ദിവസവും ഡ്രഡ്ജറിന്റെ പ്രവര്‍ത്തനങ്ങള്‍ മാല്‍പെയെ കേന്ദ്രീകരിച്ചാണ് മുന്നോട്ടുനീങ്ങിയത്. അതിനാല്‍ ആ രണ്ട് ദിവസവും നമുക്ക് നഷ്ടമായി. അക്കാര്യം അവിടത്തെ എസ്.പിക്കും എം.എല്‍.എയ്ക്കും മനസ്സിലായി. അവര്‍ അത് ഞങ്ങളുമായി ചര്‍ച്ചചെയ്തു.

ഇവിടെയൊരു ഔദ്യോഗിക സംവിധാനമുണ്ട്. അവിടെനിന്ന് ആദ്യം എന്ത് ലഭിച്ചാലും അത് വെളിപ്പെടുത്തേണ്ടത് പോലീസ് സംവിധാനമാണെന്നാണ് അവിടത്തെ എസ്.പി. പറഞ്ഞത്. എന്നാല്‍, ഇവര്‍ അവിടെനിന്നുള്ള വീഡിയോകള്‍ നിരന്തരമായി യുട്യൂബ് ചാനലിലിടുന്നുണ്ട്. മനാഫിന് യുട്യൂബ് ചാനലുണ്ട്. അവര്‍ അവിടുന്ന് വീഡിയോ എടുക്കുകയാണ്. എന്നിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും ജിതിന്‍ പറഞ്ഞു.

അര്‍ജുന്റെ ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന മറ്റു സംഭവങ്ങളുമെല്ലാം ഇവര്‍ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നു. അതിന് മുഖ്യധാരാ മാധ്യമങ്ങളില്ലേ, അര്‍ജുനോടും കുടുംബത്തോടും സ്‌നേഹമുണ്ടെങ്കില്‍ അങ്ങനെ ഒരു കാര്യം ചെയ്യുമോ? മനാഫും മാല്‍പ്പെയും ചേര്‍ന്നൊരു നാടകപരമ്പരയാണ് അവിടെ നടന്നത്. അന്നൊന്നും ഇക്കാര്യം പറഞ്ഞ് കൂടുതല്‍ വിവാദത്തിലേക്ക് കടക്കാന്‍ താത്പര്യമില്ലായിരുന്നു. ഇതെല്ലാം ഞങ്ങളെക്കൊണ്ട് ഇപ്പോള്‍ പറയിപ്പിച്ചതാണെന്നും ജിതിന്‍ വ്യക്തമാക്കി.

അര്‍ജുനെക്കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ, ഇപ്പോഴും നിര്‍ത്തുന്നില്ല. അര്‍ജുന്റെ പേരും പറഞ്ഞ് പബ്ലിസിറ്റിക്കുവേണ്ടി ഇപ്പോഴും മനാഫ് ഓടിനടക്കുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരലൊന്നും നടക്കില്ലെന്ന് കുടുംബത്തെ പറഞ്ഞ് പറ്റിച്ച്, മനാഫ് ആക്ഷന്‍ കമ്മിറ്റിയടക്കം രൂപീകരിച്ച്‌ കാര്യങ്ങളെ അയാളുടെ വഴിക്ക് നീക്കുകയാണ് ചെയ്തത്. ഒരു കോടി രൂപയ്ക്ക് കൊണ്ടുവന്ന ഡ്രഡ്ജര്‍ കൊണ്ട് കാര്യമില്ലെന്നും മലപ്പുറത്തുനിന്നുള്ള ഡ്രഡ്ജര്‍ മതിയെന്നും മനാഫ് പറഞ്ഞതിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നെന്നും കുടുംബം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.