1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2024

സ്വന്തം ലേഖകൻ: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ്. ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും ഹമാസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഈജിപ്തും ഖത്തറും തമ്മിൽ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ ആയിരുന്നു ഹമാസ് നിലപാട് വ്യക്തമാക്കിയത്. ഇസ്രയേല്‍ യുദ്ധം നിര്‍ത്തിയാല്‍ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി.

ഏഴു മാസമായി തുടരുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ ഇടപെടല്‍ കാര്യക്ഷമമായി തുടരുകയാണ്. എന്നാല്‍ ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നതുമൂലം സമാധാന ചര്‍ച്ചകള്‍ എവിടെയും എത്താതെ പോകുകയാണ്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം ലംഘിച്ച് ഇസ്രയേല്‍, ഗാസയിലെ നഗരമായ റാഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹമാസിന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും ഹമാസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ‘ഞങ്ങളുടെ ജനങ്ങള്‍ ആക്രമണം, ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രയേല്‍ ഇപ്പോഴും വെടിനിര്‍ത്തലിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ സഹകരിക്കാന്‍ ഹമാസും പലസ്തീനിലെ മറ്റ് സംഘടനകളും തയ്യാറല്ല. എന്നാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് ഞങ്ങള്‍ തയ്യാറാണ്. മധ്യസ്ഥ ചര്‍ച്ച നടത്തുന്നവരേയും ഞങ്ങള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്,’ പ്രസ്താവനയില്‍ ഹമാസ് വ്യക്തമാക്കി.

യുദ്ധം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഹമാസ് നേരത്തേ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇസ്രയേല്‍ നിലപാട് എടുത്തിരുന്നു. ഇസ്രയേല്‍ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച തീവ്രവാദി സംഘത്തെ ഉന്മൂലനം ചെയ്യുമെന്നായിരുന്നു ഇസ്രയേല്‍ അന്ന് പറഞ്ഞത്. അതേസമയം, തങ്ങള്‍ റാഫ ആക്രമിച്ചത് ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാനും ഹമാസ് തീവ്രവാദികളെ വധിക്കാനും ലക്ഷ്യംവെച്ചാണെന്ന് ഇസ്രയേല്‍ പറഞ്ഞു. പലസ്തീന്‍ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 36,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.