1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2024

സ്വന്തം ലേഖകൻ: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രയേല്‍. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുല ഇസ്രയേല്‍ മുന്നോട്ട് വെച്ചതായി അറിയിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് വെള്ളിയാഴ്ച ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.

ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈനിക പിന്‍മാറ്റം, ബന്ദികളുടെ മോചനം എന്നിവ ഉള്‍പ്പെടുന്നു. ആറാഴ്ച നീളുന്നതാണ് ആദ്യ ഘട്ടം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലെ എല്ലായിടങ്ങളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറും.ഗാസയില്‍ 600-ഓളം ട്രക്കുകളെത്തിക്കാനും മരുന്നും മറ്റു സഹായങ്ങളും അനുവദിക്കും.

ബാക്കിയുള്ള എല്ലാ ബന്ദികളേയും പുരുഷ പട്ടാളക്കാരേയും മോചിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുകയും ചെയ്യും. ഗാസയുടെ പുനര്‍നിര്‍മാണമുള്‍പ്പെട്ടതാണ് മൂന്നാം ഘട്ടം. യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് പതിറ്റാണ്ടുകളെടുത്തുള്ള പുനര്‍നിര്‍മാണത്തിന്റെ ആരംഭമായിരിക്കും മൂന്നാം ഘട്ടം. ഇരുകൂട്ടരും വെടി നിര്‍ത്തല്‍ ഉപാധികള്‍ അംഗീകരിക്കണമെന്നും അമേരിക്കയുടെ നയതന്ത്രശ്രമങ്ങളുടെ ഫലമാണ് നിര്‍ദേശങ്ങളെന്നും ബൈഡന്‍ പറഞ്ഞു.

ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് തങ്ങള്‍ തയ്യാറാണെന്ന് മധ്യസ്ഥ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുന്നവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചിരുന്നു.

‘ഞങ്ങളുടെ ജനങ്ങള്‍ ആക്രമണം, ഉപരോധം, പട്ടിണി, വംശഹത്യ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രയേല്‍ ഇപ്പോഴും വെടിനിര്‍ത്തലിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ സഹകരിക്കാന്‍ ഹമാസും പലസ്തീനിലെ മറ്റ് സംഘടനകളും തയ്യാറല്ല. എന്നാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുകയാണെങ്കില്‍ ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറുന്നതടക്കമുള്ള മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുകൊണ്ടുള്ള കരാറിന് ഞങ്ങള്‍ തയ്യാറാണ്. മധ്യസ്ഥ ചര്‍ച്ച നടത്തുന്നവരേയും ഞങ്ങള്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്,’ പ്രസ്താവനയില്‍ ഹമാസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ അറിയിപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.