1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2024

സ്വന്തം ലേഖകൻ: ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ തീരുമാനം.

എഫ്-15 ജെറ്റുകൾ ഉൾപ്പെടെയാണ് അമേരിക്ക വിൽക്കാൻ ഒരുങ്ങുന്നത്. അതിൽ യുദ്ധടാങ്കുകൾക്കുള്ള കാട്രിഡ്ജ്, മോർട്ടാർ കാട്രിഡ്ജ് എന്നിവയെല്ലാം ഉൾപ്പെടുന്നു. യുദ്ധവിമാനത്തിന്റെ നിർമാണത്തിന് വർഷങ്ങളെടുക്കും എന്നതിനാൽ 2029-ലേക്കാകും എഫ് 15 ജെറ്റുകൾ കൈമാറുക. എന്നാൽ ബാക്കി സൈനികോപകരണങ്ങൾ 2026- ഓടുകൂടിയോ അതിനുമുൻപോ നൽകുമെന്നും യുഎസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ അറിയിച്ചു.

“ഇസ്രയേലിൻ്റെ സുരക്ഷയ്ക്ക് അമേരിക്ക പ്രതിജ്ഞാബദ്ധമാണ്, ശക്തവും സജ്ജമായതുമായ സ്വയം പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിനും നിലനിർത്തുന്നതിനും ഇസ്രയേലിനെ സഹായിക്കേണ്ടത് യുഎസ് ദേശീയ താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണ്” എന്നാണ് തീരുമാനത്തിന് പിന്നാലെ പെൻ്റഗൺ പ്രതികരിച്ചത്. അമേരിക്കയുടെ സഹായത്തിന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റും സമൂഹമാധ്യമായ എക്‌സിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.

ഇസ്രയേലിൻ്റെ ഏറ്റവും വലിയ സഖ്യകക്ഷിയും ആയുധ വിതരണക്കാരുമാണ് അമേരിക്ക. ഗാസയിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച ഒക്ടോബർ ഏഴിന് പിന്നാലെ പതിനായിരത്തിലധികം അത്യന്തം വിനാശകരമായ ബോംബുകളും ഹെൽഫയർ മിസൈലുകളും അമേരിക്ക നൽകിയിരുന്നു. അമേരിക്കൻ നിർമിത യുദ്ധോപകരണങ്ങളായിരുന്നു ഗാസയിലെ ആയിരക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കാൻ ഇസ്രയേൽ ഉപയോഗിച്ചത്. അതിന്റെ പേരിൽ പലപ്പോഴും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ആഭ്യന്തര-അന്താരാഷ്ട്ര തലങ്ങളിൽ വിമർശനം ഉയർന്നിരുന്നു.

മെയ് 31ന് ഗാസയിൽ വെടിനിർത്തലിനുള്ള മൂന്ന് ഘട്ട പദ്ധതി ജോ ബൈഡൻ മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഹമാസ്-ഇസ്രയേൽ ചർച്ചകൾ ഫലം കാണാത്തതിനാൽ ഇതുവരെ വെടിനിർത്തൽ സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ഓഗസ്റ്റ് 15ന് ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ മധ്യസ്ഥതയിൽ വീണ്ടും വെടിനിർത്തലിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നുണ്ട്. ചർച്ചയിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഇസ്രയേലിനെതിരെ ഇറാൻ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയും ഒരുഭാഗത്ത് നിലനിൽക്കുന്നുണ്ട്.

ഹമാസ് രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മായിൽ ഹനിയയെ ടെഹ്റാനിൽവച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരനടപടിയായി ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽനിന്ന് പിന്നാക്കം പോകണമെങ്കിൽ ഗാസയിൽ വെടിനിർത്തൽ മാത്രമാണ് പോംവഴിയെന്ന് കഴിഞ്ഞ ദിവസം ഇറാനി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോർട്ടുകൾ പുറത്തുവന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.