ദില്ലിയിലേയ്ക്ക് ജനുവരി 16ന് സൈനിക നീക്കം നടന്നുവെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി പറഞ്ഞു. വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൈന്യത്തിന്റെ ദേശസ്‌നേഹത്തെ സംശയിക്കേണ്ടതില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ താഴ്ത്തിക്കെട്ടുന്ന യാതൊരു നടപടിയും സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. സൈന്യത്തിന്റെ ദേശസ്‌നേഹത്തില്‍ ആത്മവിശ്വാസമുണ്ടെന്നും ആന്റണി പറഞ്ഞു.
വാര്‍ത്ത വന്നതിനെ കുറിച്ച് സൈന്യം വിശദീകരണം നല്‍കിയിട്ടുണ്ട്. പതിവു സൈനിക പരിശീലനം മാത്രമാണ് നടന്നതെന്നും അദ്ദേഹം അറിയിച്ചു.അതേസമയം സൈനിക നീക്കം നടന്നെന്ന മാധ്യമവാര്‍ത്ത മുഖവിലയ്‌ക്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു.
ജനുവരി 16,17 തിയതികളില്‍ സര്‍ക്കാര്‍ അറിയാതെ കരസേന ദല്‍ഹിയിലേക്ക് അപ്രതീക്ഷിത സൈനിക നീക്കം നടത്തിയെന്നായിരുന്നു ബുധനാഴ്ച ഇന്ത്യന്‍ എക്സ്പ്രസില്‍ വന്ന വാര്‍ത്ത. റഷ്യന്‍ നിര്‍മിത സായുധ യുദ്ധവാഹനങ്ങളും ആഗ്രയില്‍ നിന്നുള്ള 50 പാരാ ബ്രിഗ്രേഡുകളും സൈനിക നീക്കത്തില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടിലുണ്ട്. പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് സുപ്രീംകോടതിയെ സമീപിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു നീക്കമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല