![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-16-164047-640x398.png)
സ്വന്തം ലേഖകൻ: യൂറോപ്പിൽ സായുധസേന രൂപവത്കരിക്കാനുള്ള സമയമായെന്നും റഷ്യക്കുനേരേയുള്ള തന്റെ രാജ്യത്തിന്റെ പോരാട്ടം അതിനുള്ള അടിത്തറ പാകിയിട്ടുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി.
യൂറോപ്പിന് ഭീഷണിയുണ്ടാക്കുന്ന വിഷയങ്ങളിൽ യു.എസ്., യൂറോപ്പിനോട് ‘നോ’ പറയാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ജർമനിയിലെ മ്യൂണിക്കിൽനടന്ന സുരക്ഷാ ഉച്ചകോടിയിൽ സെലെൻസ്കി പറഞ്ഞു. “യൂറോപ്പിന് സ്വന്തംസൈന്യം വേണമെന്നതിനെക്കുറിച്ച് പലകാലമായി നേതാക്കൾ സംസാരിക്കുന്നു. അതിനുള്ള സമയമായിരിക്കുന്നു” -സെലെൻസ്കി പറഞ്ഞു.
യു.എസും കാനഡയും 30 യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സൈനികസഖ്യമായ നാറ്റോയ്ക്ക് കൂടുതൽ പണം നൽകാൻ തയ്യാറല്ലെന്ന ട്രംപ് ഭരണകൂടത്തിന്റെ നിലപാടിന്റെ പശ്ചാത്തലത്തിലാണ് സെലെൻസ്കിയുടെ ആവശ്യം. സ്വന്തം സൈനികച്ചെലവുകൾ കണ്ടെത്താൻ യൂറോപ്യൻ രാജ്യങ്ങൾ സ്വയം യത്നിക്കണമെന്നും ‘യൂറോപ്പിന്റെ സുരക്ഷ’ യു.എസിന്റെ പ്രധാന പരിഗണനാവിഷയമല്ലെന്നും ട്രംപ് കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു.
റഷ്യയുമായുള്ള യുദ്ധമവസാനിപ്പിക്കാനുള്ള തന്റെ പദ്ധതി യു.എസും യൂറോപ്പിലെ സഖ്യകക്ഷികളും അംഗീകരിച്ചാൽ പ്രസിഡന്റ് വ്ലാദിമിർ പുതിനുമായി മുഖാമുഖമിരിക്കാൻ താൻ തയ്യാറാണെന്നും സെലെൻസ്കി പറഞ്ഞു.
യു.എസിന്റെ സൈനികസഹായമില്ലാതെ യുക്രൈന് റഷ്യയെ ജയിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിയുടെ ഭാഗമായി വെള്ളിയാഴ്ച സെലെൻസ്കിയും യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുമായുള്ള യുദ്ധമവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന ട്രംപ് സർക്കാരിന്റെ നിർദേശത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.
റഷ്യയുമായി സമാധാനക്കരാറുണ്ടാക്കുന്നതിന് യു.എസ്. യുക്രൈന് സുരക്ഷാ ഉറപ്പ് നൽകണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. സ്ഥിരമായ സമാധാനമുറപ്പാക്കാനാണ് യു.എസ്. ആഗ്രഹിക്കുന്നതെന്ന് വാൻസും പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല