സ്വന്തം ലേഖകൻ: ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ് ആക്രമണം നടന്നതെന്ന് ഇസ്രയേല്‍ സേന (ഐഡിഎഫ്) അറിയിച്ചു. ഏഴ് സൈനികരുടെ നില അതീവ ഗുരുതരമാണെന്നും ഐഡിഎഫ് പറഞ്ഞു.
വ്യാഴാഴ്ച ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് സൈനിക കേന്ദ്രം ആക്രമിച്ചതെന്ന് ഹിസ്ബുള്ള പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തെക്കന്‍ ലെബനനിലും ഇസ്രയേല്‍ സൈന്യത്തിന് നേരെ ഹിസ്ബുള്ള ഷെല്ലാക്രമണം നടത്തിയിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുന്നതിനിടയിലാണ് പീരങ്കി ഷെല്ലുകളുപയോഗിച്ച് ആക്രമണം നടത്തിയത്. തെക്കന്‍ ലെബനനിലെ ലബ്ബൗനേ പ്രദേശത്തും ഹിസ്ബുള്ള ഇസ്രയേല്‍ സൈന്യത്തെ മിസൈലുകള്‍ ഉപയോഗിച്ച് നേരിട്ടതായി അല്‍ മനാര്‍ വാര്‍ത്താ ഔട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഗാസ ആശുപത്രിയിലെ ഹമാസ് കമാന്‍ഡ് സെന്റര്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യവും കൂട്ടിച്ചേര്‍ത്തു. ‘അല്‍ അഖ്‌സ രക്തസാക്ഷി ആശുപത്രിയെന്ന് അറിയപ്പെട്ടിരുന്ന ആശുപത്രി പരിസരത്ത് സ്ഥാപിച്ചിരുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കോംപ്ലക്‌സിലെ തീവ്രവാദികളെ ആക്രമിച്ചു’, എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. മധ്യഗാസയിലെ ദെയ്ര്‍ എല്‍ ബലായില്‍ നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യ ഗാസയിലെ നുസ്‌റേത്തിലെ ഇസ്രായേല്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ലെബനനിൽ ഇസ്രയേല്‍ സൈനികനടപടി ശക്തമാക്കുമ്പോള്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ തയാറെടുത്ത് അമേരിക്ക. ഇറാനിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റ്യൂഡ് ഏരിയ ഡിഫെന്‍സ്(ടിഎച്ച്എഎഡി- താഡ്) പ്രതിരോധ സംവിധാനമാണ് ഇസ്രയേലിൽ അമേരിക്ക വിന്യസിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന സംവിധാനമാണ് താഡ്.
യുഎസ് സൈനികരോടൊപ്പം താഡ് സംവിധാനവും അയയ്ക്കുമെന്ന് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ ദ പെന്‌റഗണ്‍ അറിയിച്ചു. തങ്ങളുടെ സൈനികസേനയെ ഇസ്രയേലില്‍നിന്ന് അകറ്റി നിര്‍ത്തണമെന്ന് ടെഹ്‌റാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. ഇസ്രയേലിന്‌റെ വ്യോമപ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനാണ് വിന്യാസം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഇസ്രയേലിന് പ്രതിരോധിക്കാനായി താഡ് ബാറ്ററി വിന്യസിക്കാന്‍ സമ്മതിച്ചതായി അമേരിക്കന്‍ പ്രസിഡന്‌റ് ജോ ബൈഡന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള വ്യാപക നയതന്ത്ര ശ്രമങ്ങള്‍ക്കിടെയാണ് ഇസ്രയേലിന് അമേരിക്കയുടെ പുതിയ പ്രതിരോധ സംവിധാനം. ഇത് പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കാനുള്ള സാധ്യതയാണുണ്ടാക്കുന്നത്.
ഇസ്രയേലിന്‌റെ പ്രതിരോധത്തെ പിന്തുണയ്ക്കുന്നതിനും ഇറാന്‌റെ ആക്രമണങ്ങളില്‍നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുന്നതിന് സമീപമാസങ്ങളില്‍ യുഎസ് സൈന്യം വരുത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമാണിതെന്ന് പെന്‌റഗണ്‍ വക്താവ് പാറ്റ് റൈഡര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല