സ്വന്തം ലേഖകന്‍: ടൈംസ് നൗ ചാനലില്‍ അര്‍ണബ് യുഗം അവസാനിപ്പിച്ച് അര്‍ണബ് ഗോസ്വാമിയുടെ രാജി. വിവാദ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമി ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവച്ചത് സ്വന്തം ചാനല്‍ സംരംഭം തുടങ്ങുന്നതിനാണെന്നാണ് സൂചന. ടൈംസ് നൗവിന്റെ എഡിറ്റോറിയല്‍ യോഗത്തിലാണ് അര്‍ണബ് രാജിക്കാര്യം പ്രഖ്യാപിച്ചത്. ടൈംസ് നൗവിന്റെ എഡിറ്റര്‍ ഇന്‍ ചീഫും ടൈംസ് നൗ, ഇടിവി നൗ തുടങ്ങിയ ഗ്രൂപ്പുകളുടെ പ്രസിഡന്റുമായിരുന്നു അര്‍ണബ്.
നഷ്ടത്തിലായിരുന്ന ടൈംസ് നൗ അര്‍ണബ് ഗോസ്വാമിയുടെ വരവോടെയാണ് പുതുജീവന്‍ നേടിയത്. വിവാദ പരാമര്‍ശങ്ങളിലൂടെയും ഏകപക്ഷീയ നിലപാടുകളിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചു. തീവ്ര ദേശീയതയും ബി.ജെ.പി അനുകൂല നിലപാടുകളും പലപ്പോഴും അര്‍ണബിനെ വിവാദത്തിലാക്കിയിട്ടുണ്ട്. ദാദ്രി സംഭവത്തിലും ജെ.എന്‍.യു വിവാദത്തിലും അര്‍ണബ് സംഘപരിവാര്‍ നിലപാടുകള്‍ക്കൊപ്പമാണ് നിലകൊണ്ടത്.
കേന്ദ്രസര്‍ക്കാര്‍ അനുകൂല ചാനല്‍ തുടങ്ങുന്നതിനാണ് അര്‍ണബിന്റെ രാജിയെന്ന് അഭ്യൂഹമുണ്ട്. അതേസമയം അടുത്ത കാലത്ത് ടൈംസ് നൗ ചാനലിന്റെ റേറ്റിംഗ് ഇടിഞ്ഞതും രാജിയിലേക്ക് നയിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അര്‍ണബിനൊപ്പം ചില ടൈംസ് നൗ ജീവനക്കാരും രാജിവച്ചേക്കുമെന്നും ശ്രുതിയുണ്ട്. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ നിലപാടിന് ഒപ്പം നില്‍ക്കാത്ത അതിഥികളെ ഇറക്കി വിടാന്‍ പോലും മടിക്കാത്ത അവതാരകനായിരുന്നു അര്‍ണബ്.
അസം സ്വദേശിയായ അര്‍ണബ് ഗോസ്വാമി കൊല്‍ക്കത്തയിലെ ദ ടെലിഗ്രാഫ് ദിനപത്രത്തിലൂടെയാണ് മാധ്യമ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്. 1995 ല്‍ എന്‍.ഡി.ടി.വിയിലൂടെ ദൃശ്യമാധ്യമ രംഗത്തെത്തി. 2006 ലാണ് അദ്ദേഹം ടൈംസ് നൗ ചാനലില്‍ എത്തുന്നത്. അര്‍ണബ് അരങ്ങൊഴിയുന്നതോടെ സംഭവബഹുലമായ ഒരു വാര്‍ത്താ കാലത്തിനാണ് ടൈസ് നൗവില്‍ തിരശീല വീഴുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല