1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2024

സ്വന്തം ലേഖകൻ: അമേരിക്കയിലെ അതിപ്രശസ്തനായ യൂട്യൂബ് താരമാണ് താനെന്ന വ്യാജ ഐഡന്റ്ിറ്റിയില്‍ ഓസ്‌ട്രേലിയക്കാരനായ യുവാവ് ലൈംഗികമായി മുതലെടുത്തത് ലോകമെമ്പാടുമുള്ള 250ഓളം കുട്ടികളെ. കുട്ടികളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാട്ടി ഭീഷണിപ്പെടുത്തി കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയാണ് ഇയാള്‍ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.

കുട്ടികളുടെ ഭയത്തേയും ബലഹീനതകളേയും മുതലെടുത്ത് ചരിത്രത്തിലെ ഏറ്റവും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്ന പ്രതി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. ഓസ്‌ട്രേലിയന്‍ പൗരനായ മുഹമ്മദ് സൈനുല്‍ ആബിദീന്‍ റഷീദ് എന്ന 29 വയസുകാരന് നൂറിലധികം ലൈംഗിക ചൂഷണങ്ങളുടെ പേരില്‍ 17 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

യുകെ, യുഎസ്എ, ജപ്പാന്‍ തുടങ്ങി 20 രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇയാളുടെ വലയില്‍ കുടുങ്ങിയത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്, യുഎസ് ഹോം സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍, ഇന്റര്‍പോള്‍ എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് ഇയാള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടേയും പരാതിയുടേയും വിവരങ്ങള്‍ ശേഖരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസും വെസ്റ്റേണ്‍ ആഫ്രിക്കന്‍ ജോയിന്റ് ആന്റ് ചൈല്‍ഡ് എക്‌സ്‌പ്ലോയിറ്റേഷന്‍ ടീമും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഒടുവില്‍ ഇയാളെ കുടുക്കിയത്.

താന്‍ അമേരിക്കയിലെ അറിയപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണെന്നും തനിക്ക് 15 വയസാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുന്ന കുട്ടികളെ വിദഗ്ധമായി വിശ്വസിപ്പിച്ച ശേഷമാണ് സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ ഇയാള്‍ ട്രാപ്പിലാക്കുന്നത്.

കുട്ടികളുമായി വളരെ സമര്‍ത്ഥമായി ചാറ്റ് ചെയ്ത് അവരുടെ പൂര്‍ണ വിശ്വാസം ആര്‍ജിച്ച ശേഷം പയ്യെ സംസാരം ലൈംഗിക വിഷയത്തിലേക്ക് കൊണ്ടുവരും. ഈ വിഷയത്തിലുള്ള സംശയങ്ങള്‍, ധാരണകള്‍, കുട്ടികള്‍ക്ക് പലരുമായുമുള്ള ബന്ധങ്ങള്‍ ഇവയെല്ലാം കുട്ടികളെക്കൊണ്ട് ഇയാള്‍ സൗഹൃദം നടിച്ച് പറയിപ്പിക്കും. സാധിച്ചാല്‍ ഫോട്ടോ ഉള്‍പ്പെടെ കൈക്കലാക്കും.

നിര്‍ണായക വിവരങ്ങള്‍ കൈയ്യില്‍ കിട്ടിയാല്‍ പിന്നെ റഷീദിന്റെ വിധം മാറും. സ്‌ക്രീന്‍ഷോട്ടുകളും ചിത്രങ്ങളും പരസ്യപ്പെടുത്തുമെന്നും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നും പറയും. സ്വാഭാവികമായും കുട്ടികള്‍ ഭയക്കും. പലരും പിന്നീട് കടുത്ത മാനസിക സമ്മര്‍ദത്തിലാകും.

പലരും ആത്മഹത്യാ ഭീഷണി മുഴക്കുകയും ശരീരത്തില്‍ മുറിവുകള്‍ ഏല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്താലും ഇയാള്‍ തെല്ലും ദയ കാണിക്കില്ല. ഒടുവില്‍ ഗത്യന്തരമില്ലാകെ കുട്ടികള്‍ ഇയാള്‍ പറയുന്ന വിധത്തില്‍ ക്യാമറ ഓണ്‍ചെയ്ത് പറയുന്നത് എല്ലാം ചെയ്യാന്‍ തയ്യാറാകും.

കേട്ടാല്‍ രക്തം തണുത്തുറയുന്ന പോലുള്ള കുറ്റകൃത്യങ്ങളാണ് പിന്നീട് ക്യാമറയ്ക്ക് മുന്നില്‍ വച്ച് ഇയാള്‍ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നത്. വീട്ടിലെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പവും വീട്ടില്‍ പിഞ്ചു കുഞ്ഞുങ്ങളുണ്ടെങ്കില്‍ അവര്‍ക്കൊപ്പവും ഇയാള്‍ ചെയ്യാന്‍ പറയുന്നതെല്ലാം ക്യാമറയ്ക്ക് മുന്നില്‍ വച്ച് ചെയ്യാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു.

പറഞ്ഞത് ചെയ്തില്ലെങ്കില്‍ ഇയാള്‍ കൗണ്ട്ഡൗണ്‍ തുടങ്ങും. ചെയ്തില്ലെങ്കില്‍ എല്ലാം എല്ലാവരും അറിയുമെന്ന് ഭീഷണിപ്പെടുത്തും. ആകെ തകര്‍ന്ന അവസ്ഥയിലായ കുട്ടികള്‍ കീ കൊടുത്ത പാവകളെപ്പോലെ പറഞ്ഞതെല്ലാം ചെയ്യും. ഇയാളുടെ ഭൂരിഭാഗം ഇരകളും 16 വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളാണെന്നതും ശ്രദ്ധേയമാണ്.

റഷീദിന് നിരവധി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ദിവസവും മണിക്കൂറുകളോളം ഇയാള്‍ കുറ്റകൃത്യങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ചില കുട്ടികള്‍ പരാതിപ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. പാകിസ്താനാണ് ഇയാളുടെ സ്വദേശം. വളരെ സ്ട്രിക്റ്റായ മാതാപിതാക്കളായിരുന്നു റഷീദിന്റേത്.

ആണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തീരെ ചെറുപ്പത്തില്‍ തന്നെ ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുന്ന തരത്തിലുള്ള പോണ്‍ വിഡിയോകള്‍ കാണുമായിരുന്നു. 14 വയസുകാരനെ ലൈംഗികമായി ആക്രമിച്ചതിന് ഇയാള്‍ മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 11-14 വയസുപ്രായമുള്ള കുട്ടികളോട് അമിതമായ ലൈംഗികാസക്തി (ഹിബിഫീലിയ) ഇയാള്‍ക്കുണ്ടെന്നും റഷീദിന് സെക്‌സ് സാഡിസം ഡിസോററുണ്ടെന്നും സൈക്യാട്രിസ്റ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.