സ്വന്തം ലേഖകൻ: ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദൾ എംപിയും കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റിൽ. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ലുഫ്താൻസ വിമാനത്തിൽ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.
ബെംഗളൂരു വിമാനത്താവളത്തില്‍ വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസിന്റെ നീക്കം. ഇതിനിടെ കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
നേരത്തേ തന്നെ പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്.
മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. കര്‍ണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാര്‍ത്ഥിയായ പ്രജ്വലിനെതിരെ നിലവില്‍ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.
മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പ്രജ്വല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍നിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല