സ്വന്തം ലേഖകൻ: വിമാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ചെന്നൈ സ്വദേശിയും അയര്‍ലന്‍ഡില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ 31-കാരനെയാണ് പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ലണ്ടനില്‍നിന്ന് ചെന്നൈയിലെത്തിയ വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്തിരുന്ന 15 കാരിക്ക് നേരേ പ്രതി വിമാനത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിറകിലെ സീറ്റിലായിരുന്നു പ്രതി.
യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടപ്പോള്‍ പെണ്‍കുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറഞ്ഞു. കാബിന്‍ ക്രൂവിനെയും വിവരമറിയിച്ചു. വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ വീട്ടിലേക്ക് പോയ കുടുംബം ഇതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.
യാത്രക്കാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്‌ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല