
സ്വന്തം ലേഖകൻ: ‘എന്റെ ബാഗിലെന്താ ബോംബുണ്ടോ?’ എന്ന് ചോദിച്ചതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരാളെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നു മുംബൈയിലേക്ക് പോകാനിരുന്ന മനോജ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
എയർ ഇന്ത്യ ഫ്ലൈറ്റിനു പോകാനിരുന്ന മനോജ് കുമാർ കൊച്ചി വിമാനത്താവളത്തിൽ വെച്ച് സാധാരണഗതിയിലുണ്ടാകുന്ന സുരക്ഷാ പരിശോധന നടക്കുന്നതിനിടയ്ക്കാണ് തന്റെ ബാഗിൽ ബോംബുണ്ടോ എന്ന രീതിയിൽ ഒരു പരാമർശം നടത്തിയത്. ഈ പരാമർശത്തിൽ പ്രകോപിതരായ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉടനെ നടപടിയെടുക്കുകയായിരുന്നു.
ബാഗുകൾ എക്സ് റേ പരിശോധന നടത്തുന്ന കൗണ്ടറിലായിരുന്നു സംഭവം. പ്രകോപനപരമായി സംസാരിച്ചതു കാരണമാണ് മനോജ് കുമാറിനെതിരെ നടപടിയെടുത്തതെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വാർത്ത കുറിപ്പിൽ അറിയിച്ചു.
മനോജ് കുമാറിന്റെ പാമർശത്തെത്തുടർന്ന് ബാഗുൾപ്പെടെ അദ്ദേഹത്തിന്റെ കൈവശമുള്ള വസ്തുക്കളെല്ലാം ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ വിശദമായി പരിശോധിച്ചതിനു ശേഷം എല്ലാം മനോജ് കുമാറിന് തിരികെ നൽകിയെന്നും ശേഷം മനോജ് കുമാറിനെ തുടരന്വേഷണത്തിനു വേണ്ടി പോലീസിന് കൈമാറി എന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ പറയുന്നു.
ബോംബ് ഭീഷണി സ്ഥിരീകരിക്കുന്ന ഔദ്യോഗിക കമ്മറ്റി (ബോംബ് ത്രെട്ട് അസ്സസ്മെന്റ് കമ്മറ്റി) പ്രത്യേക യോഗം ചേർന്ന് ഭീഷണി ഗുരുതരമല്ലെന്ന് വിലയിരുത്തി. വിശ്വാസ്യയോഗ്യമല്ലാത്ത ഭീഷണിയായിരുന്നു അത്, എന്നാൽ പൂർണമായ സുരക്ഷാ പരിശോധന നടത്തണമെന്നും കമ്മറ്റി നിർദേശിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കൃത്യസമയത്തു തന്നെ കൊച്ചിയിൽ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തു.
സ്വാതന്ത്ര്യ ദിനം അടുക്കുന്നതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും സമാനമായ രീതിയിൽ സുരക്ഷാ മുൻകരുതലുകൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. അതിനാൽ യാത്രക്കാർ വിമാനത്തിന്റെ സമയത്തേക്കാൾ കുറച്ചധികം നേരത്തെ എത്തണമെന്നും സുരക്ഷാ പരിശോധനകൾ കാരണം വിമാനം വൈകുന്നത് ഒഴിവാക്കണമെന്നും വിമാനത്താവളം അധികൃതർ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല