സ്വന്തം ലേഖകൻ: വ്യാപാര രംഗത്തെ തട്ടിപ്പുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സൗദി ഭരണകൂടം. രാജ്യത്ത് വാണിജ്യ വഞ്ചനയിലും വ്യാജ വ്യാപാരമുദ്രകളുടെ വില്‍പ്പനയിലും ഏര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് സൗദി പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. വ്യാജമായി നിര്‍മിച്ചതോ മറ്റൊരു ബ്രാന്‍ഡിലെ അനുകരിച്ച് തയ്യാറാക്കിയതോടെ ആയ വ്യാപാരമുദ്രകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ അത്തരം ഉല്‍പ്പന്നങ്ങള്‍ കൈവശം വയ്ക്കുകയോ ചെയ്താല്‍ കുറ്റവാളികള്‍ക്ക് ഒരു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് രാജ്യത്തിന്റെ പബ്ലിക് പ്രൊസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കി.
സൗദി വ്യാപാരമുദ്ര നിയമത്തിന് കീഴില്‍ വ്യാജ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തികള്‍ക്കും ഈ തടവും പിഴയും ബാധകമാണ്. സൗദിയിലെ നിയമ വിദഗ്ധന്‍ പറയുന്നതനുസരിച്ച്, വിപണി ആത്മവിശ്വാസം തകര്‍ക്കുന്നതിലൂടെയും ഉപഭോക്താക്കളെ അപകടത്തിലാക്കുന്നതിലൂടെയും ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള വിപുലമായ സംരംഭത്തിന്‍റെ ഭാഗമാണ് വ്യാപാര തട്ടിപ്പുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ നടപടികള്‍. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനും ന്യായമായ വാണിജ്യ അന്തരീക്ഷം വളര്‍ത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ ശക്തമായ നടപടികള്‍ വ്യക്തമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാജ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് വ്യക്തികള്‍ക്കും ബിസിനസ്സുകള്‍ക്കുമിടയില്‍ നിയമ അവബോധം വര്‍ദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. പൊതു സുരക്ഷയ്ക്ക് അപകടമുണ്ടാക്കുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍, റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണം, വിതരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത കാലത്തായി രാജ്യത്ത് വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ക്കെതിരായി ശിക്ഷ ശക്തമാക്കിക്കൊണ്ട് അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്.
ഈയിടെ വിവിധ പ്രമുഖ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം റെയ്ഡ് ചെയ്ത വാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അത് പൂട്ടിക്കുകയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുകയും ചെയ്തിരുന്നു. വ്യാപാര തട്ടിപ്പുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന പൊതുജനങ്ങള്‍ അക്കാര്യം അധികൃതരെ അറിയിക്കാന്‍ മുന്നോട്ടുവരണമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.
വ്യാപാര നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ന്യായമായ വിപണി മത്സരം പ്രോത്സാഹിപ്പിക്കുന്നതിനുമായി പരിശോധനയും ബോധവല്‍ക്കരണ കാമ്പെയ്നുകളും വർധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല