
സ്വന്തം ലേഖകൻ: സാർക്കോ സൂയിസൈഡ് പോഡ് എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വീസ് പൊലീസ്. ആത്മഹത്യാപ്രേരണ, ആത്മഹത്യയെ പിന്തുണയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് ഷാഫൗസൺ പൊലീസ് അറിയിച്ചു. സംഭവത്തിലെ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ദ ലാസ്റ്റ് റിസോർട്ടിൻ്റെ സഹപ്രസിഡൻ്റ് ഫ്ലോറിയൻ വില്ലെറ്റ്, ഒരു ഡച്ച് പത്രപ്രവർത്തകൻ, രണ്ട് സ്വീസ് പൗരന്മാർ തുടങ്ങി നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജർമ്മനിയുടെ അതിർത്തിയിലുള്ള ഷാഫൗസണിലെ വടക്കൻ കൻ്റോണിൽ സാർക്കോ സൂയിസൈഡ് പോഡ് വിന്യസിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
64കാരിയായ അമേരിക്കൻ സ്വദേശിയാണ് സാർക്കോ ഉപയോഗിച്ച് ആത്മഹത്യ ചെയ്തതെന്ന് സാർക്കോ സൂയിസൈഡ് ക്യാപ്സൂൺ നിർമാതാക്കളായ ദി ലാസ്റ്റ് റിസോർട്ട് അധികൃതർ പറയുന്നു. ആത്മഹത്യക്കായി സാർക്കോ പോഡ് തിരഞ്ഞെടുത്ത യുവതിയെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.
സാർക്കോ സൂയിസൈഡ് പോഡിലേക്ക് പ്രവേശിക്കുന്നതോടെ ക്യാബിനിലെ ഓക്സിജന്റെ അളവ് കുറച്ച് നൈട്രജൻ വാതകം നിറയ്ക്കും. ഇത്തരത്തിൽ പതിയെ മയക്കത്തിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുന്നതുമാണ് സാർക്കോ പോഡിന്റെ രീതി. 1990കൾ മുതൽ ആത്മഹത്യക്ക് പിന്തുണ നൽകിയിരുന്ന ഓസ്ട്രേലിയൻ ഫിസിഷ്യൻ ഫിലിപ്പ് നിറ്റ്ഷ്കെയുടെ ആശയമാണ് സാർക്കോ സൂയിസൈഡ് പോഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല