1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2024

സ്വന്തം ലേഖകൻ: യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ ഗോള്‍ഫ് ക്ലബ്ബിലുണ്ടായത് വധ ശ്രമമെന്ന് എഫ്ബിഐയുടെ കണ്ടെത്തല്‍. ഗോള്‍ഫ് കളിക്കുന്നതിനിടെ ട്രംപിനുനേരെ അക്രമം നടത്തിയ റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലിയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തി മരിക്കാനും തയ്യാറാണെന്ന് ഇയാള്‍ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

58-കാരനായ ഇയാള്‍ സ്വയംതൊഴില്‍ ചെയ്യുന്ന ഒരു ബില്‍ഡറാണെന്നും സാമൂഹിക മാധ്യമങ്ങളില്‍ ട്രംപിനെ പലതവണ വിമര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കാലിക രാഷ്ട്രീയ വിഷയങ്ങളില്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട്.

ജൂലായിയില്‍ ട്രംപിന് നേരെ നടന്ന വധശ്രമമവുമായി ബന്ധപ്പെട്ടും പോസ്റ്റുണ്ട്. പോലീസിനെ അക്രമിച്ചതടക്കം മുന്‍പ് പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ ട്രംപ് സുരക്ഷിതനാണെന്ന് അധികൃതര്‍ അറിയിച്ചു. ട്രംപ് നിന്നിരുന്ന സ്ഥലത്തുനിന്ന് 275 മുതല്‍ 455 മീറ്റര്‍ വരെ അകലത്തിലുള്ള ഒരു കുറ്റിക്കാട്ടില്‍ തോക്കുമായി നിന്നിരുന്ന റയാന്‍ വെസ്ലി റൂത്തിനെ രഹസ്യാന്വേഷണ സംഘം വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് എകെ 47 മാതൃകയിലുള്ള തോക്കും രണ്ട് ബാഗുകളും ഒരു ഗോപ്രോ ക്യാമറയും പിന്നീട് കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.

രഹസ്യാന്വേഷണ സംഘം ഒന്നിലധികം തവണ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പ്രതി കുറ്റിക്കാട്ടില്‍നിന്ന് ഓടുന്നതും കാറില്‍ കയറാന്‍ ശ്രമിക്കുന്നതും കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞു. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയില്‍ തോക്കുധാരി ട്രംപിനെ വധിക്കാന്‍ ശ്രമിച്ച് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് പുതിയ സംഭവം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.