സ്വന്തം ലേഖകൻ: വീസ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തതിന് 12 ഇന്ത്യന്‍ പൗരന്മാരെ യുകെ ഇമിഗ്രേഷന്‍ അധികാരികള്‍ അറസ്റ്റ് ചെയ്തു. വീസ വ്യവസ്ഥകള്‍ ലംഘിച്ച് ജോലി ചെയ്തതായുള്ള സംശയത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ആണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരില്‍ 11 പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ് ലാന്‍ഡ് മേഖലയില്‍ വീസ നിയമങ്ങള്‍ ലംഘിച്ച് തൊഴിലെടുക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഇവിടുത്തെ മെത്ത ഫാക്ടറിയില്‍ നിന്നാണ് 7 പേര്‍ അറസ്റ്റിലായത്.
ഇതിന് സമീപത്തുള്ള കേക്ക് ഫാക്ടറിയില്‍ നിന്ന് 4 ഇന്ത്യക്കാരെ കൂടി അറസ്റ്റ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത 12 പേരില്‍ 4 പേര്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ ഇന്ത്യയിലേയ്ക്ക് നാടുകടത്തുമെന്നാണ് ലഭ്യമായ വിവരം. ബാക്കി 8 പേര്‍ പതിവായി ഹോം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന വ്യവസ്ഥയില്‍ ജാമ്യത്തിലിറങ്ങി എന്നാണ് വിവരം. സംഘത്തില്‍ മലയാളികള്‍ ഉണ്ടോയെന്ന് വ്യക്തമല്ല.
ഇതിനിടെ നിയമവിരുദ്ധമായി ജോലിക്കാരെ നിയമിച്ചതായും മതിയായ രേഖകളും പരിശോധനകളും നടത്താതിരുന്നതായും കണ്ടെത്തിയാല്‍ രണ്ട് കമ്പനികള്‍ക്കുമെതിരെ കനത്ത പിഴ ചുമത്താനുള്ള സാധ്യതയും ഉണ്ടെന്ന് നിയമ വൃത്തങ്ങള്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാരെ ജോലിക്കായി നിയമിക്കുന്ന തൊഴിലുടമകളുടെ പിഴ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹോം ഓഫീസ് മൂന്നിരട്ടിയായി ഉയര്‍ത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല