സ്വന്തം ലേഖകൻ: കുവൈത്തിലെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഹാവല്ലി, ജാബിരിയ്യ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനകളിലാണിത്. പിടിയിലായവരില്‍ കൂടുതലും ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ്.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്ക്യൂ പോലീസ്, പബ്ലിക് സെക്യൂരിറ്റി സെക്റ്റര്‍ എന്നിവയുള്‍പ്പെടെ നിരവധി വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തിയതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചു. വനിതാ പോലീസ് ഉദ്യോഗസ്ഥരും സജീവമായി പങ്കെടുത്തു.
ഹാലസ്സിയില് നടത്തിയ പരിശോധനകളില്‍ 1,895 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. തിരിച്ചറിയല്‍ രേഖയില്ലാത്ത 32 വ്യക്തികളെയും താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന 24 പേരെയും അറസ്റ്റ് ചെയ്തു. കൂടാതെ, വിവിധ കേസുകളില്‍ തെരയുന്ന 15 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വിവിധ കേസുകളില്‍ പോലിസ് അന്വേഷിക്കുന്ന 15 പേരെയും അറസ്റ്റ് വാറണ്ടുള്ള 16 പേരെയും പരിശോധനയ്ക്കിടയില്‍ പിടികൂടി.
ജാബിരിയ്യയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടയ്ക്കുകയും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷമായിരുന്നു ഇവിടെ സുരക്ഷാ പരിശോധനകള്‍ നടത്തിയത്. ഓപ്പറേഷന്റെ ഫലമായി 800 ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. മയക്കുമരുന്ന് കൈവശം വച്ച നാല് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും 18 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റ് വാറണ്ടുള്ളതും വിവിധ കേസുകളില്‍ പോലിസ് അന്വേഷിക്കുന്നതുമായ 11 പേര് ഉള്‍പ്പെടെ വിവിധ നിയമലംഘനങ്ങള്‍ക്ക് 22 വ്യക്തികളെ പിടികൂടിയതായും പോലിസ് അറിയിച്ചു.
രാജ്യത്തുടനീളമുള്ള സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രപരമായ പദ്ധതിയുടെ ഭാഗമാണ് ഈ കാമ്പയിനെന്ന് അദികൃതര്‍ വ്യക്തമാക്കി. കാമ്പെയ്നിന്റെ ലക്ഷ്യങ്ങള്‍ കാര്യക്ഷമമായും കൃത്യമായും നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായും ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനായി വനിതാ പോലീസ് ഓഫീസര്‍മാരും പരിശോധനകളില്‍ പങ്കാളികളായതായും പ്രസ്താവയില്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല