സ്വന്തം ലേഖകൻ: സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളുടെ അറസ്റ്റിനും നാടുകടത്തലിനും ശമനമില്ല. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ അറസ്റ്റിലായത് ഇരുപതിനായിരത്തിലേറെ പ്രവാസികളാണ്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 20,124 പ്രവാസികളെയാണ് സൗദി അധികൃതര്‍ പിടികൂടിയത്.
നവംബര്‍ ഏഴിനും 13നും ഇടയില്‍ നടത്തിയ റെയിഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിയിലായി താല്‍ക്കാലിക തടവ് കേന്ദ്രങ്ങളില്‍ കഴിയുന്ന 10,458 പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,607 പ്രവാസികള്‍ താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്. 5,285 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 3,232 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു.
അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,401 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്. ഇങ്ങനെ അറസ്റ്റിലായവരില്‍ 60 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യെമനികളും ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 98 പേരെയും അധികൃതര്‍ പിടികൂടി.
പുതുതായി അറസ്റ്റിലായവരെ കൂടാതെ 21,267 പ്രവാസികള്‍ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 18,508 പേര്‍ പുരുഷന്‍മാര്‍ 2,448 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 13,354 പേരെ നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 3,096 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമലംഘകര്‍ക്ക് ഏതെങ്കിലും രീതിയില്‍ സഹായം നല്‍കുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുകയോ അവര്‍ക്ക് യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുകയോ ജോലി നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് സൗദി ആഭ്യന്തര മന്ത്രാലയം കാണുന്നത്.
ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അതിനു പുറമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും നിയമനടപടിക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല