സ്വന്തം ലേഖകൻ: ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകള്‍ കണ്ടെത്തിയത്.
ചോദ്യപേപ്പര്‍ ആവശ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ 30 ലക്ഷം രൂപ മാഫിയയ്ക്ക് നല്‍കിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍ ബീഹാര്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയില്‍ കണ്ടെത്തി. ചെക്കുമായി ബന്ധപ്പെട്ട അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങള്‍ അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഇതുവരെ ബീഹാര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ 13 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
ചോദ്യപേപ്പറുകള്‍ക്കായി തങ്ങളുടെ രക്ഷിതാക്കള്‍ 30 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഉദ്യോഗാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ ആയവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ചില ചോദ്യപേപ്പറുകളും ലഭിച്ചിട്ടുണ്ട്. ഇത് നീറ്റ് പരീക്ഷയുടെ ആണോ എന്ന് തെളിയിക്കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ചോദ്യപേപ്പറുകളുടെ പകര്‍പ്പ് പൊലീസ് ആവശ്യപ്പെട്ടു. പേപ്പറുകളുടെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് ഫോറന്‍സിക് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല