സ്വന്തം ലേഖകൻ: അമേരിക്കന്‍ മുന്‍ പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ വേദിക്ക് പുറത്ത് വെച്ച് ആയുധധാരി പിടിയിലായത് ആശങ്ക പടര്‍ത്തി. കാലിഫോര്‍ണിയ സംസ്ഥാനത്തെ കോചെല്ലയില്‍ നടന്ന പ്രചാരണ വേദിയുടെ പുറത്ത് വെച്ച് ശനിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് വേദിയിലേക്കുള്ള കൃത്രിമ പാസുകളും കണ്ടെടുത്തിട്ടുണ്ട്. ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങള്‍ തടഞ്ഞിരിക്കുന്നതെന്ന് റിസര്‍സൈഡ് കൗണ്ടി ഷെരിഫ് ചാഡ് ബിയങ്കോ പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വെം മില്ലര്‍ എന്നയാളാണ് പോലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് ഒരു തിര നിറച്ച ഷോട്ട് ഗണ്ണും പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ പ്രസ് ഐഡിയും പ്രവേശന പാസും ഇയാള്‍ ധരിച്ചിരുന്നു. 49കാരനായ മില്ലര്‍ ലാസ് വേഗസ് സ്വദേശിയാണ്. ഇയാള്‍ തീവ്ര വലത്-സര്‍ക്കാര്‍ വിരുദ്ധ സംഘടനയുടെ ഭാഗമാണെന്ന് പോലീസ് വ്യക്തമാക്കി. കറുത്ത എസ്.യുവിയിലെത്തിയ ഇയാളെ റാലി നടക്കുന്ന വേദിയുടെ ഒരു മൈല്‍ അകലെയുള്ള ചെക്ക് പോയന്റില്‍ വെച്ചാണ് പിടികൂടിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായി റജിസ്ടര്‍ ചെയ്തിട്ടുള്ള മില്ലര്‍ നേരത്തെ നവാഡ സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചിട്ടുണ്ട്. പോലീസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ 5000(4.2ലക്ഷം) ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവം ട്രംപിന്റെ സുരക്ഷയെ ബാധിച്ചില്ലെന്ന് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് വെടിയേല്‍ക്കുകയായിരുന്നു. വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സീക്രട്ട് സര്‍വീസ് ഉടന്‍ തന്നെ വേദിയില്‍ നിന്ന് മാറ്റുകയായിരുന്നു. വെടിയുതിര്‍ത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വധിച്ചു. സെപ്റ്റംബറില്‍ ഡോണള്‍ഡ് ട്രംപ് ഗോള്‍ഫ് കളിക്കുന്നതിനിടെ വെടിയുതിര്‍ത്ത പ്രതി ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58)നെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല