സ്വന്തം ലേഖകൻ: കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ അടുത്ത അനുയായിയും കൊടും ക്രിമിനലുമായ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ പിടിയിലായതായി റിപ്പോർട്ട്. കഴിഞ്ഞമാസം മിൽട്ടൺ ടൗണിലുണ്ടായ സായുധ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.
ദല്ലയുടെ അറസ്റ്റ് സംബന്ധിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അതേസമയം, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഒക്ടോബർ 27, 28 തീയതികളിൽ മിൽട്ടൺ ടൗണിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തേ പിടികൂടിയിരുന്നുവെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവന്നത്. ഇന്ത്യൻ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഇന്ത്യയിൽ വിവിധ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ദല്ല, ഭാര്യയ്ക്കൊപ്പം കാനഡയിലാണ് താമസിക്കുന്നതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ അറിയിച്ചു. ഖലിസ്താനി ടൈഗർ ഫോഴ്സിന്റെ ആക്ടിങ് ചീഫായ ഹർഷ്ദ്വീപ് ദല്ലയെ, ഹര്‍ദീപ് സിങ് നിജ്ജറിന്റെ പിൻഗാമിയായാണ് കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല