സ്വന്തം ലേഖകൻ: യുഎസ് കാംപസുകളിലെ പലസ്തീന്‍ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് കാംപസുകളില്‍നിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 18 മുതല്‍ 800-ലേറെപ്പേര്‍ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം.
ബോസ്റ്റണിലെ നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് 80 പേരും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 72 പേരും ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍നിന്ന് 23 പേരുമാണ് ശനിയാഴ്ച അറസ്റ്റിലായത്. ലോസ് ആഞ്ജിലിസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ ഇസ്രയേല്‍- പലസ്തീന്‍ അനുകൂലികള്‍ തമ്മില്‍ ഏറ്റുമുട്ടി.
ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രക്ഷോഭകര്‍ അമേരിക്കന്‍ പതാകമാത്രമുയര്‍ത്താന്‍ മാറ്റിവെച്ചയിടത്ത് പലസ്തീന്‍ പതാക ഉയര്‍ത്തി. വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്‍ ഡിന്നറിന്റെ വേദിയായ വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലും പ്രക്ഷോഭകര്‍ കൂറ്റന്‍ പലസ്തീന്‍ പതാക ഉയര്‍ത്തി. പ്രക്ഷോഭങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു.
കൊളംബിയ സര്‍വകലാശാലയില്‍ നൂറോളം വിദ്യാര്‍ഥികളാണ് ഇസ്രയേല്‍വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. ഇസ്രയേലുമായുള്ള എല്ലാ ഇടപാടുകളും സര്‍വകലാശാലകള്‍ റദ്ദാക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല