1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2024

സ്വന്തം ലേഖകൻ: ബ്രിട്ടനിലെ തെരുവുകളില്‍ കലാപം ആളിക്കത്തുകയാണ്. കൊള്ളിവെയ്പ്പും, കൊള്ളയും വ്യാപകമാകുന്നു. സൗത്ത്‌പോര്‍ട്ടില്‍ കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ ഇതൊരു കുടിയേറ്റ വിരുദ്ധ കലാപമായി മാറിയിട്ടുണ്ട്. യുകെയിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളുമാണ് അക്രമകാരികള്‍ ലക്ഷ്യം വെയ്ക്കുന്നത്.

ഇതിനകം 400-ഓളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും, ഷോപ്പുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥികളെയും പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകളും അക്രമികള്‍ ലക്ഷ്യവെയ്ക്കുന്നു.

അക്രമങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അടിയന്തര കോബ്രാ യോഗം വിളിച്ചു. തീവ്രവലത് തെമ്മാടികളെ നേരിടാന്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരെ നിയോഗിക്കുമെന്നാണ് പ്രഖ്യാപനം. എക്‌സിലും, ടെലഗ്രാമിലും, ഫെയ്‌സ്ബുക്കിലും, ടിക് ടോക്കിലുമായി വിദ്വേഷം ആളിക്കത്തിക്കുന്ന പ്രചരണങ്ങള്‍ തുടരുകയാണ് തീവ്ര വലത് നേതാക്കള്‍.

ബ്രിട്ടനിലെ തെരുവുകളില്‍ തീ ആളിക്കത്തിച്ച് തീവ്രവലത് അനുകൂലികള്‍ രംഗത്തിറങ്ങിയതിന് പിന്നാലെ മറുപടി പ്രതിഷേധങ്ങളുമായി മുസ്ലീം വിഭാഗങ്ങള്‍ തെരുവിലിറങ്ങിയത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ബര്‍മിംഗ്ഹാമിലും, പ്ലൈമൗത്തിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.

ഇതോടെ തീവ്രവലതുകാരും, മുസ്ലീം വിഭാഗങ്ങളും പോരാട്ടത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. ഇന്നലെ ബര്‍മിംഗ്ഹാമിലെ ഒരു പള്ളിക്ക് മുന്നിലേക്കാണ് നൂറുകണക്കിന് മുസ്ലീങ്ങള്‍ എത്തിയത്. തീവ്രവലത് അനുകൂലികള്‍ ഇവിടെ എത്തുമെന്ന് ഓണ്‍ലൈനില്‍ നടന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ഇത്. പല ഭാഗങ്ങളില്‍ നിന്നായി എത്തിയ മുസ്ലീങ്ങളില്‍ ചിലര്‍ പ്രദേശത്തെ ഒരു പബ്ബ് അടിച്ചുതകര്‍ത്തു.

പ്ലൈമൗത്തില്‍ ആറ് അറസ്റ്റുകള്‍ നടത്തിയതായി പോലീസ് പറഞ്ഞു. രണ്ട് വിഭാഗങ്ങളില്‍ പെട്ട പ്രതിഷേധക്കാരെ അകറ്റിനിര്‍ത്താന്‍ 150 ഓഫീസര്‍മാരെ നിയോഗിച്ചതായും കമ്മാന്‍ഡിംഗ് ഓഫീസര്‍ വ്യക്തമാക്കി. അക്രമങ്ങളുടെ പിന്നണിയില്‍ കൊള്ളയും തുടരുന്നതിനാല്‍ ഹഡേഴ്‌സ്ഫീല്‍ഡില്‍ ബിസിനസ്സുകള്‍ സമയം പൂര്‍ത്തിയാക്കാതെ ഷട്ടറിട്ടു.

പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍ കാര്‍ഫാക്‌സ് ടവറിന് സമീപത്തുള്ള സിറ്റി സെന്റര്‍ ഒഴിവാക്കാന്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ദ്ദേശം നല്‍കി. ബര്‍മിംഗ്ഹാമിലെ ഒരു ജിപി സര്‍ജറിയും നൂറുകണക്കിന് മുസ്ലീങ്ങള്‍ എതിരാളികളെ നേരിടാന്‍ എത്തിയതോടെ പൂട്ടി. തീവ്രവലത് വിഭാഗങ്ങളെ നേരിടാന്‍ മുസ്ലീങ്ങളും ഇറങ്ങിയതോടെ കലാപം അതിരുവിടുമെന്നാണ് ആശങ്ക.

സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ മലയാളികള്‍ ഒത്തുകൂടി മലയാളം സംസാരിച്ച് ഇംഗ്ലീഷുകാരെ പ്രകോപിപ്പിക്കരുതെന്ന് മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട് നഗരങ്ങളില്‍ ചുറ്റിത്തിരിയുന്നതും, പ്രദേശവാസികളെ പ്രകോപിപ്പിക്കുന്ന പെരുമാറ്റങ്ങള്‍ ഒഴിവാക്കാനും മലയാളി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.