സ്വന്തം ലേഖകൻ: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലെത്തി ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയെ കണ്ടു. ടീമിനൊപ്പം പ്രാതല്‍ കഴിച്ച അദ്ദേഹം ലോകകപ്പ് ട്രോഫിയുമായി ടീമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്.
ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ ട്രോഫിയില്‍ പിടിക്കാതിരുന്ന പ്രധാനമന്ത്രിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രോഫി പിടിച്ചിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും കൈകളില്‍ പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ട്രോഫി നേരിട്ട് കൈയിലെടുക്കാതെ അത് സ്വന്തമാക്കിയവരെ ബഹുമാനിച്ചുള്ള മോദിയുടെ പ്രവൃത്തിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ബാര്‍ബഡോസിലെ വിജയത്തിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ട്രോഫി സമ്മാനിച്ചത് ബിസിസഐ സെക്രട്ടറി ജയ് ഷാ ആയിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ട്രോഫി സമ്മാനിച്ച ശേഷം രോഹിത്തിനൊപ്പം അത് ഉയര്‍ത്തിയ ഷായുടെ നടപടി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പ്രവൃത്തി ശ്രദ്ധയാകര്‍ഷിക്കുന്നത്.
ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ കാത്ത് മുംബൈ. ടീമിന്റെ വിക്ടറി പരേഡിനായി തയ്യാറാക്കിയ ഓപ്പണ്‍ ബസിന്റെ ചിത്രവും പുറത്തുവന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ വാംഖഡെ സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ക്ക് സൗജന്യ പ്രവേശനവും പ്രഖ്യാപിച്ചതോടെ ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോന്ന വിക്ടറി പരേഡിനൊരുങ്ങുകയാണ് മുംബൈ.
മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെയാണ് ടീം ഓപ്പണ്‍ ബസില്‍ യാത്ര ചെയ്യുക. നീല നിറത്തില്‍ പൊതിഞ്ഞ ബസില്‍ ലോകകപ്പ് ട്രോഫിയുമായി നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്റെ വലിയ പോസ്റ്ററും പതിച്ചിട്ടുണ്ട്. വിക്ടറി പരേഡിനു ശേഷം വാംഖഡെ സ്റ്റേഡിയത്തില്‍ ടീമിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. വാംഖഡെ സ്റ്റേഡിയത്തി 2, 3, 4 ഗേറ്റുകള്‍ വൈകീട്ട് നാലു മണിക്ക് ആരാധകര്‍ക്കായി തുറന്നുകൊടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല