1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2012

സഭാസ്‌നേഹം ആത്മാവില്‍ അഗ്നിയായും സമുദായസ്‌നേഹം മനസ്സില്‍ വികാരമായും നിറഞ്ഞുനില്‍ക്കുന്ന, ക്‌നാനായ മക്കളുടെ വലിയ പിതാവിന്‌ ശതാഭിഷേകത്തിന്റെയും ദൈവകൃപയുടെയും ധന്യവേള. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ സാഫല്യവുമായി 2012 സെപ്‌റ്റംബര്‍ 11-ന്‌ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയ്‌ക്ക്‌ 84 വയസ്‌ തികയുന്നു. കോട്ടയം അതിരൂപതയെയും, ക്‌നാനായ സമുദായത്തെയും മൂന്നാം സഹസ്രാബ്‌ദത്തിലേക്കു നയിച്ച കുന്നശ്ശേരി പിതാവ്‌ ക്‌നാനായ മക്കള്‍ക്ക്‌ എന്നും ആവേശമുണര്‍ത്തുന്ന സാന്നിധ്യമാണ്‌.വിശ്രമജീവിതത്തിലേക്കു കടന്നെങ്കിലും കോട്ടയം അതിരൂപതയുടെ പ്രധാന ചടങ്ങുകളെല്ലാം കുന്നശ്ശേരി പിതാവിന്റെ സാന്നിധ്യംകൊണ്ട്‌ സമ്പന്നമാകുന്നു. സഭയുടെയും, സമുദായത്തിന്റെയും വളര്‍ച്ചയില്‍ വലിയ പങ്കു വഹിക്കാന്‍ സുദീര്‍ഘമായ ഇടയശുശ്രൂഷാവേളയില്‍ കുന്നശ്ശേരി പിതാവിനു കഴിഞ്ഞു.

കുന്നശ്ശേരില്‍ കുടുംബത്തിലെ ജോസഫ്‌-അന്നമ്മ ദമ്പതികളുടെ മകനായി 1928 സെപ്‌തംബര്‍ 11-നു അദ്ദേഹം ജനിച്ചു. കോട്ടയം ഇടയ്‌ക്കാട്ടു സ്‌കൂളിലും സി.എന്‍.ഐ സ്‌കൂളിലും കടുത്തുരുത്തി സെന്റ്‌ മൈക്കിള്‍സ്‌ മിഡില്‍ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്നു ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയ ശേഷം തിരുഹൃദയക്കുന്നിലുള്ള മൈനര്‍സെമിനാരിയില്‍ ചേര്‍ന്നു വൈദികപഠനം ആരംഭിച്ചു. തുടര്‍ന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളേജിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി.

1955 ഡിസംബര്‍ 21-ന്‌ കര്‍ദ്ദിനാള്‍ ക്ലമന്റ്‌ മിക്കാറിയില്‍നിന്നും വൈദികപട്ടം സ്വീകരിക്കുകയും പിറ്റെ ദിവസം സെന്റ്‌ പീറ്റേഴ്‌സ്‌ ബസ്ലിക്കയിലുള്ള വി. പത്താംപീയൂസിന്റെ അള്‍ത്താരയില്‍ പ്രഥമദിവ്യബലി അര്‍പ്പിക്കുകയും ചെയ്‌തു. കോട്ടയം രൂപതയുടെ സ്ഥാപകനായ വി. പത്താംപീയൂസിന്റെ അള്‍ത്താരയില്‍ പ്രഥമ ദിവ്യബലി അര്‍പ്പിക്കാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കുന്നശ്ശേരി പിതാവ്‌ കരുതുന്നു.

റോമിലെ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു കാനന്‍ നിയമത്തില്‍ ഡോക്‌ടറേറ്റും (ജെ.യു.ഡി.) കരസ്ഥമാക്കി നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം തറയില്‍പിതാവിന്റെ സെക്രട്ടറിയും രൂപതയുടെ ചാന്‍സലറുമായി നിയമിതനായി. രണ്ടു വര്‍ഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റണ്‍ കോളേജില്‍നിന്നും രാഷ്‌ട്രമീമാംസയില്‍ മാസ്റ്റര്‍ബിരുദം നേടി. ബി.സി.എം. കോളേജില്‍ അദ്ധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചന്‍ അപ്‌നാദേശ്‌ ദൈ്വവാരികയുടെ പത്രാധിപര്‍, കാരിത്താസ്‌ സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചാപ്ലയിന്‍ എന്നീ നിലകളിലും സേവനം ചെയ്‌തു. പിന്നീട്‌ അദ്ദേഹം തിരുഹൃദയക്കുന്നു മൈനര്‍ സെമിനാരിയുടെ റെക്‌ടറായി. ഈ ജോലി നിര്‍വ്വഹിച്ചുവരവെയാണ്‌ 1967 ഡിസംബര്‍ ഒമ്പതാംതീയതി പോള്‍ ആറാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ കേഫായുടെ സ്ഥാനികമെത്രാനായും കോട്ടയം രൂപതയുടെ പിന്‍തുടര്‍ച്ചാവകാശത്തോടുകൂടിയ സഹായ മെത്രാനായും നിയമിച്ചു. പൗരസ്‌ത്യ തിരുസംഘത്തിന്റെ പ്രീഫക്‌ട്‌ കാര്‍ഡിനല്‍ മാക്‌സ്‌മില്യന്‍ ഫുസ്റ്റന്‍ബര്‍ഗിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ 1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്നു സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മെത്രാഭിഷേകം. 1974 മെയ്‌ അഞ്ചാംതീയതി തോമസ്‌ തറയില്‍ തിരുമേനി രൂപതാ ഭരണത്തില്‍നിന്നും വിരമിച്ചതിനെത്തുടര്‍ന്നു മാര്‍ കുന്നശ്ശേരി രൂപതാ�സാരഥ്യം ഏറ്റെടുത്തു.

ഏതാണ്ടു നാലു പതിറ്റാണ്ടു നീണ്ടുനിന്ന കുന്നശ്ശേരി പിതാവിന്റെ മേല്‌പട്ടശുശ്രൂഷ കോട്ടയം അതിരൂപതയെ അസൂയാവഹമായ വളര്‍ച്ചയിലേക്കു നയിച്ചു.

തെക്കും ഭാഗര്‍ക്കു മാത്രമായി സ്ഥാപിതമായ കോട്ടയം രൂപതയുടെ വളര്‍ച്ചയ്‌ക്കു കൂടുതല്‍ ഇടവകസമൂഹങ്ങള്‍ വേണമെന്ന തിരിച്ചറിവ്‌ ഒരു ക്രാന്തദര്‍ശിയുടേതായിരുന്നു. സംഘടിത കുടിയേറ്റത്തിന്റെ ഭാഗമായല്ലാതെ മലബാറിന്റെ മറ്റു ഭാഗങ്ങളിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ സമുദായാംഗങ്ങളെ സമുദായത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും സമുദായഗാത്രത്തില്‍ നിലനിര്‍ത്തുകയും ചെയ്യുന്നതിനായി പലയിടങ്ങളിലും ഇടവകസമൂഹങ്ങള്‍ ആരംഭിച്ചതു കുന്നശ്ശേരി പിതാവാണ്‌.

മലബാറിലും ഹൈറേഞ്ചിലുമുള്ള ഇടവകകളില്‍ പകുതിയിലധികവും ആരംഭിക്കുന്നതു പിതാവിന്റെ കാലത്താണ്‌. കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്ററും അവിടെ ഒരു സഹായമെത്രാനും ഇന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ കുന്നശ്ശേരിപിതാവിന്റെ ദൂരക്കാഴ്‌ചയുമുണ്ട്‌. ഭാരതത്തിനു പുറത്തുള്ള സമുദായാംഗങ്ങളെ രൂപതയുടെ ചാലകശക്തിയായി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഷിക്കാഗോയിലേക്കു ഒരു വൈദികനെ അയച്ചതിലൂടെയാണ്‌ ഡയസ്‌പോറ (Diaspora) എന്ന ഒരു ശുശ്രൂഷാമേഖല സീറോ മലബാര്‍ സഭയില്‍ രൂപംകൊണ്ടത്‌.

1970-കളില്‍ ഇന്നുള്ള ശക്തമായ ക്‌നാനായ വികാരം ഉണ്ടായിരുന്നില്ല. ക്‌നാനായക്കാരെന്ന്‌ അഭിമാനത്തോടെ പറയാന്‍ പലരും മടിച്ചിരുന്നു. യുവജനങ്ങളില്‍ സമുദായബോധവത്‌കരണം നടത്തുകയും, മാര്‍ഗംകളിക്കും പുരാതനപ്പാട്ടുകള്‍ക്കും കൂടുതല്‍ പ്രചാരം നല്‍കുകയും ചെയ്‌തത്‌ സമുദായ ഉണര്‍വിനു വഴിയൊരുക്കി. ക്‌നാനായ സമുദായത്തിന്റെ തനിമയും, പാരമ്പര്യവും സംരക്ഷിക്കുന്നതിനും വരുംതലമുറയ്‌ക്ക്‌ അത്‌ കൈമാറുന്നതിനുംവേണ്ടി കുന്നശ്ശേരി പിതാവ്‌ നടത്തിയ പരിശ്രമങ്ങളാണ്‌ ക്‌നാനായ വികാരത്തെ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കാന്‍ സമുദായാംഗങ്ങള്‍ക്കു വലിയ പ്രചോദനമേകിയത്‌.

അതിരൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കാന്‍ പിതാവ്‌ ആരംഭിച്ച ചൈതന്യ പാസ്റ്ററല്‍ സെന്ററും, ആത്മീയ നവീകരണത്തിനായി തുടങ്ങിയ തൂവാനിസ പ്രാര്‍ത്ഥനാലയവും കേരള സഭയില്‍ തന്നെ ആദ്യ സംരംഭങ്ങളായിരുന്നു. കാരിത്താസ്‌ ആശുപത്രിയുടെ വളര്‍ച്ചയും, കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപനവുമൊക്കെ പിതാവിന്റെ വലിയ സംഭാവനകളാണ്‌. രാജപുരം കോളജും മടമ്പം കോളജും, ശ്രീപുരം കോളജും മറ്റ്‌ നിരവധി എയ്‌ഡഡ്‌ -അണ്‍എയ്‌ഡഡ്‌ സ്‌കൂളുകളും, കാരിത്താസ്‌ നഴ്‌സിംഗ്‌ കോളജ്‌ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പിതാവിന്റെ ഉന്നതദര്‍ശനത്തിന്റെ അടയാളങ്ങളാണ്‌. വികലാംഗരെയും ബുദ്ധിമാന്ദ്യമുള്ളവരെയും സംരക്ഷിക്കുന്നതിനായി തുടങ്ങിയ സ്ഥാപനങ്ങളും ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെടലും അനാഥത്വവുമായി കഴിയുന്നവര്‍ക്കായി ആരംഭിച്ച വൃദ്ധമന്ദിരങ്ങളും ദൈവവിളി വര്‍ധിപ്പിക്കുവാനും മിഷനറി പ്രവര്‍ത്തനങ്ങള്‍ ഉണര്‍വ്വുള്ളതാക്കുവാനുമായി തുടങ്ങിയ വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയും വല്ലംബ്രോസിയന്‍ ബനഡിക്‌ടൈന്‍ സഭയും വി. ജോണ്‍ ഗ്വില്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കളുടെ സമൂഹവുമെല്ലാം കുന്നശ്ശേരി തിരുമേനിയുടെ ക്രാന്തദര്‍ശിത്വത്തിന്റെ മകുടോദാഹരണങ്ങളാണ്‌.

പിതാവിന്റെ ഓര്‍മശക്തി അപാരമാണ്‌. കോട്ടയം രൂപതയിലുള്ള ഒരാളെ എവിടെവച്ചു കണ്ടാലും അയാളുടെ കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും പിതാവിനു പറയാനുണ്ടാകും. രൂപതയിലെ ഏതാണ്ടു എണ്ണായിരത്തോളം വീടുകള്‍ പിതാവു സന്ദര്‍ശിച്ചിട്ടുണ്ട്‌. രൂപതയിലുള്ള ആളുകള്‍ക്കു എന്തു ചെയ്യുവാന്‍ കഴിയും എന്ന ചിന്ത കുന്നശ്ശേരിപ്പിതാവിനെ എപ്പോഴും സ്വാധീനിച്ചിരുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെയും മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ പിതാവിനെ പ്രേരിപ്പിച്ചത്‌ ഈ കാരുണ്യമാണ്‌.

ഒരു നയതന്ത്രജ്ഞനെന്ന നിലയില്‍ കുന്നശ്ശേരിപ്പിതാവിനുള്ള കഴിവ്‌ എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ളതാണ്‌. സീറോമലബാര്‍ സഭയില്‍ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം ഒരു മദ്ധ്യവര്‍ത്തിയായി നിന്നുകൊണ്ട്‌ ഉചിതമായ തീരുമാനങ്ങളിലെത്താന്‍ ഔദ്യോഗികമായും അനൗദ്യോഗികമായും കുന്നശ്ശേരിപ്പിതാവു വഹിച്ച പങ്ക്‌ അതുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ ഒരിക്കലും മറക്കുകയില്ല. ബിഷപ്പുമാരുടെ ഇടയിലെ പാലംപണിക്കാരന്‍ എന്നാണ്‌ പടിയറപ്പിതാവു കുന്നശ്ശേരിപ്പിതാവിനെ വിശേഷിപ്പിച്ചത്‌.

സഭാതലത്തില്‍ അനേകം ഉയര്‍ന്ന പദവികള്‍ പിതാവു വഹിച്ചിട്ടുണ്ട്‌. എസ്‌.എം.ബി.സി. വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ലിറ്റര്‍ജിക്കല്‍ കമ്മറ്റിയംഗം, കെ.സി.ബി.സി എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെയും വടവാതൂര്‍ സെമിനാരിയുടെയും ബിഷപ്‌സ്‌ കമ്മീഷന്‍ ചെയര്‍മാന്‍, സി.ബി.സി.ഐ. എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, റോമില്‍ നടന്ന അല്‌മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ സി.ബി.സി.ഐയുടെ പ്രതിനിധി, പൗരസ്‌ത്യ കാനന്‍ നിയമപരിഷ്‌കരണത്തിന്റെ പൊന്തിഫിക്കല്‍ കമ്മീഷനംഗം, നിലയ്‌ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ട്രസ്റ്റി, ബാംഗ്ലൂര്‍ സെന്റ്‌ ജോണ്‍സ്‌ മെഡിക്കല്‍ കോളേജിന്റെ ഡയറക്‌ടര്‍ ബോര്‍ഡംഗം, ഓര്‍ത്തഡോക്‌സ്‌ -യാക്കോബായ സഭകളുമായി അനുരഞ്‌ജനചര്‍ച്ചകള്‍ക്കായി റോമില്‍നിന്നും നിയമിതനായ കമ്മറ്റിയംഗം, സീറോമലബാര്‍ സഭയുടെ പ്രഥമ സ്ഥിരംസിനഡ്‌ അംഗം…. ഇങ്ങനെ നിരവധിയാണ്‌ കുന്നശ്ശേരിപ്പിതാവിനു ലഭിച്ച അംഗീകാരങ്ങള്‍.

കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കോട്ടയം സന്ദര്‍ശനവും വന്‍ വിജയമാക്കിയത്‌ കുന്നശ്ശേരി പിതാവിന്റെ സംഘാടക മികവിന്‌ ഉത്തമ ഉദാഹരണങ്ങളാണ്‌. 2005 മെയ്‌ ഒമ്പതിന്‌ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായി മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരി നിയമിതനായപ്പോള്‍ അത്‌ അര്‍ഹമായ അംഗീകാരമായി. 2006 ജനുവരി 14-ന്‌ പിതാവ്‌ മേല്‍പ്പട്ട ശുശ്രൂഷയില്‍നിന്നും വിരമിച്ചു.

ഔദ്യോഗികമായി വിരമിക്കുന്നതിനു മുമ്പുതന്നെ തെള്ളകത്ത്‌ ബി.ടി.എം വൃദ്ധമന്ദിരത്തോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പിതാവ്‌ താമസിച്ചുതുടങ്ങിയിരുന്നു. വിശ്രമജീവിതത്തിന്‌ പിതാവ്‌ തെരഞ്ഞെടുത്തത്‌ ശാന്തമായ ഈ അന്തരീക്ഷമാണ്‌. അതിഥികളെ എന്നും ഹൃദ്യമായി പ്രസന്നതയോടെ സ്വീകരിക്കാന്‍ പിതാവ്‌ ശ്രദ്ധിച്ചിരുന്നു. സന്ദര്‍ശകര്‍ക്ക്‌ പിതൃവാത്സല്യത്തിന്റെ അനുഭവമാണ്‌ അദ്ദേഹം സമ്മാനിക്കുന്നത്‌. ശതാഭിഷിക്തനാകുന്ന കുന്നശ്ശേരി പിതാവിന്‌ ക്‌നാനായ മക്കള്‍ ഹൃദയപൂര്‍വം പ്രാര്‍ത്ഥനാമംഗളങ്ങള്‍ നേരുന്നു.

COURTESY;APNADES

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.