സ്വന്തം ലേഖകൻ: ആഗോളതലത്തില്‍ തൊഴില്‍മേഖലയിലെ 40 ശതമാനം ജോലികളും നിര്‍മിതബുദ്ധി കൈയേറിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ(ഐം.എം.എഫ്) റിപ്പോര്‍ട്ട്. എല്ലാ രാജ്യങ്ങളിലെയും തൊഴില്‍മേഖലയിൽ ഇതുണ്ടാക്കുന്ന ആഘാതം ഒരേപോലെയായിരിക്കില്ല.
പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളെ അപേക്ഷിച്ച് യുഎസും യൂറോപ്പും പോലെയുള്ള വമ്പന്‍ ശക്തികളെയാകും നിര്‍മിതബുദ്ധി പിടിച്ചുലയ്ക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം നിർമിതബുദ്ധിയുടെ സഹായം തേടിയവരിൽ കൂടുതലും ചെറുപ്പക്കാരാണ്. സഹായം തേടിയവരുടെ വേതനം മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു.
നിലവിലെ തൊഴിൽമേഖലയിലെ അസമത്വത്തെ നിര്‍മിതബുദ്ധി കൂടുതല്‍ വഷളാക്കുമെന്നും വലിയ സാമൂഹിക വിവേചനങ്ങൾ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ വ്യക്തമാക്കി.
“തൊഴില്‍ മേഖലയിലെ ഉത്പാദനക്ഷമതയെ നിർമ്മിത ബുദ്ധി സഹായിക്കും. അതേസമയം നിസ്സാരമായ പലജോലികളും നിര്‍മിതബുദ്ധിക്ക് എളുപ്പം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഇത് തൊഴില്‍മേഖലകളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. മനുഷ്യാധ്വാനമില്ലാതെ ജോലിചെയ്യാന്‍ കഴിയുമെന്ന സ്ഥിതി വന്നാല്‍ അത് ഒട്ടേറെ പേരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനിടയാക്കും. ഇത് സാമ്പത്തിക അസമത്വത്തിന്റെ ആക്കം കൂട്ടും”, ക്രിസ്റ്റലീന ജോര്‍ജീവിയ കൂട്ടിച്ചേര്‍ത്തു.
വരുമാനം കുറവുള്ള രാജ്യങ്ങളിൽ 26 ശതമാനം ജോലികളെയാകും നിർമിതബുദ്ധി ബാധിക്കുകയെന്നാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളിൽ തൊഴിൽമേഖലകളിൽ നിർമിതബുദ്ധിയുടെ ഉപയോഗം താരതമന്യേ കുറവാണ്. ഇത് രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വിടവും വർദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല