സ്വന്തം ലേഖകൻ: മനുഷ്യരാശിയുടെ നിലനിൽപിന് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നൽകപ്പെട്ട സാഹചര്യത്തിൽ നിർമിത ബുദ്ധി ഉപയോഗം സംബന്ധിച്ച് കർശന നിയമം കൊണ്ടുവരാൻ ധാരണയിലെത്തി യൂറോപ്യൻ യൂനിയൻ. യൂറോപ്യൻ യൂനിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ പാർലമെന്റും ഒരാഴ്ചക്കിടെ 37 മണിക്കൂർ ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. അതേസമയം, യൂറോപ്യൻ പാർലമെന്റിൽ അടുത്ത വർഷം വോട്ടിനിട്ട് അംഗീകാരം ലഭിക്കേണ്ടതുണ്ട്.
നിയമലംഘനത്തിന് 3.8 കോടി ഡോളർ (ഏകദേശം 317 കോടി രൂപ) വരെയോ അല്ലെങ്കിൽ കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ഏഴു ശതമാനമോ പിഴ ചുമത്തുന്നത് പരിഗണിക്കുന്നു. നിർദിഷ്ട നിയമത്തിനെതിരെ എ.ഐ കമ്പനികൾ ലോബീയിങ് നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും 2025നുമുമ്പ് നിയമം നിലവിൽ വരുമെന്നാണ് കരുതുന്നത്.
നിർമിത ബുദ്ധിയുടെ ഉപയോഗത്തിന് സമഗ്ര മാർഗനിർദേശവും വ്യവസ്ഥകളും കൊണ്ടുവരുന്ന ആദ്യ രാജ്യാന്തര കൂട്ടായ്മയായി യൂറോപ്യൻ യൂനിയൻ മാറും. നിയമനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച യൂറോപ്യന്‍ കമീഷണറായ തിയറി ബ്രെട്ടണ്‍ ‘ചരിത്രപരമായ ധാരണ’ എന്ന് എക്സിൽ കുറിച്ചു. ഓപൺ എ.ഐയുടെ ചാറ്റ് ജി.പി.ടി പോലുള്ള നിർമിത ബുദ്ധി ആപ്പുകൾ ഈ വർഷം വലിയതോതിൽ ചർച്ചയായിരുന്നു.
മനുഷ്യനെപ്പോലെ ആശയങ്ങളും ചിത്രങ്ങളും പാട്ടുകളും നിർമിക്കാനുള്ള കഴിവ് ആദ്യം അമ്പരപ്പിക്കുകയും പ്രതീക്ഷ പകരുകയും ചെയ്തെങ്കിലും തൊഴിൽ, സ്വകാര്യത, പകർപ്പവകാശ സംരക്ഷണം തുടങ്ങിയവക്ക് വെല്ലുവിളിയാകുമെന്നും ഭാവിയിൽ മനുഷ്യജീവിതത്തിനുതന്നെ ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നൽകപ്പെട്ടതോടെ ലോകം ഇതുസംബന്ധിച്ച് ഗൗരവമായി ചിന്തിച്ചു. യുഎസ്, യുകെ, ചൈന, ജി7 കൂട്ടായ്മ തുടങ്ങിയവ നിർമിത ബുദ്ധി നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും ആദ്യമായി സമഗ്ര നിയമനിർമാണത്തിലേക്ക് ഫലപ്രദമായ ചുവടുവെച്ചത് യൂറോപ്യൻ യൂനിയനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല