സ്വന്തം ലേഖകന്‍: കോടികള്‍ മുടക്കി ചൈനയിലെ ബഹുനില കെട്ടിടത്തിനുള്ളില്‍ കൃത്രിമ വെളളചാട്ടം; നിര്‍മാതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാട്ടുകാര്‍. ചൈനയിലെ 350 അടി ഉയരമുള്ള ഒരു കെട്ടിടത്തില്‍ നിര്‍മ്മിച്ച വെള്ളച്ചാട്ടത്തിനെതിരെയാണ് പ്രതിഷേധം. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാങ് നഗരത്തിലാണു ലോക വിസ്മയമായ വെള്ളച്ചാട്ടം.
കെട്ടിടത്തിന്റെ അതേ ഉയരത്തില്‍ താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ചാണു വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. പക്ഷേ രണ്ടുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ വെള്ളച്ചാട്ടം ഇതുവരെ ആറുതവണ മാത്രമാണു പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്ന ലൈബിയന്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങ്ങിന്റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചെലവു കൂടുതലായതിനാലാണ് നിര്‍മാണം ഇഴയുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 120 ഡോളറാണ് ചെലവ്. ഷോപ്പിങ് മാള്‍, ഓഫിസുകള്‍, ആഡംബര ഹോട്ടല്‍ എന്നിവയാണു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലുഡി ഇന്‍ഡ്രസ്ടീസ് ഗ്രൂപ്പാണു വെള്ളച്ചാട്ടത്തിന്റെ നിര്‍മാതാക്കള്‍. മഴവെള്ളം, ഭൂഗര്‍ഭജലം എന്നിവ വലിയ ടാങ്കുകളില്‍ ശേഖരിച്ചാണു വെള്ളച്ചാട്ടത്തിന് ഉപയോഗിക്കുന്നത്. വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാര്‍ഗം മാത്രമാണെന്ന ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി.
ചൈനയിലെ സമൂഹമാധ്യമമായ വെയ്‌ബോയില്‍ ഇതിനെതിരെ ദിവസേനെ നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്. മാസത്തിലൊരിക്കലെങ്കിലും വെള്ളച്ചാട്ടം ഉപയോഗിച്ചിരുന്നെങ്കില്‍ ജനലുകള്‍ വൃത്തിയാക്കുന്ന പണം നിങ്ങള്‍ക്ക് ലാഭിക്കാമായിരുന്നു എന്നും, കെട്ടിടത്തിലെ ശുചിമുറികള്‍ക്ക് ചോര്‍ച്ചയുണ്ടായതു പോലെയാണ് വെള്ളച്ചാട്ടമെന്നും വിമര്‍ശകര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല