മനസില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്കാര്‍ക്കും ചുംബനങ്ങളെ നിഷേധിക്കാനാകില്ല. ചുംബനങ്ങള്‍ നിങ്ങളെ കൂടുതല്‍ ചെറുപ്പമാക്കുമെന്നാണ് ഇംഗ്ലീഷ് കവിയായ റൂപ്പര്‍ട്ട് ബ്രൂക്ക് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ ചുംബനങ്ങള്‍ പൊള്ളുന്ന അനുഭവങ്ങളാകുന്നത് രണ്ട് സാഹചര്യങ്ങളിലാണ്. തീവ്രമായ പ്രണയത്തില്‍ ലഭിക്കുന്ന ചുംബനങ്ങളെ സാഹിത്യഭാഷയില്‍ പൊള്ളുന്ന ചുംബനമെന്ന് വിളിക്കാമെങ്കില്‍ ഒരു സ്ത്രീയെ സംബന്ധിച്ച് അവളെ ഏറ്റവുമധികം മുറിവേല്‍പ്പിക്കുന്നതും പൊള്ളിക്കുന്നതും അവള്‍ ആഗ്രഹിക്കാതെ ലഭിക്കുന്ന ചുംബനങ്ങളായിരിക്കും.
അരുണ ഷാന്‍ബാഗിന് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ആ ചുംബനങ്ങളെയും അതിനാല്‍ തന്നെ പൊള്ളുന്ന ചുംബനങ്ങളെന്നു വിളിക്കാം. ഉത്തര്‍ കര്‍ണാടകയിലെ ഹല്‍ദുപൂരില്‍ നിന്നുള്ള നഴ്‌സായ അരുണയുടെ ജീവിതം മാറിമറിഞ്ഞത് 1973 നവംബര്‍ 27ന് അപ്രതീക്ഷിതമായി ലഭിച്ച അത്തരമൊരു ചുംബനത്തിലൂടെയാകും. സ്ത്രീപീഡനങ്ങളും മാധ്യമങ്ങളും ഇക്കാലത്തേതിന്റെയത്ര സജീവമല്ലാത്ത ഒരു കാലത്താണ് അരുണ ഒരു കാമവെറിയന്റെ പീഡനത്തിനിരയായത്. അക്കാലത്തേക്കാളപ്പുറം വാര്‍ത്ത ചര്‍ച്ച ചെയ്യപ്പെട്ടത് ഈ വര്‍ഷമാണ്. മുബൈയിലെ പാരലിലുള്ള കിംഗ് എഡ്വേര്‍ഡ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് അരുണ ക്രൂരമായ പീഡനത്തിനിരയായത്. ഈ ലൈംഗികപീഡനത്തോടെ അവര്‍ക്ക് പൂര്‍ണമായും ചലനശേഷി ഇല്ലാതാകുകയും ചെയ്തു.
ആശുപത്രിയിലെ ക്ലീനിംഗ് ജീവനക്കാരനായ സോഹന്‍ലാല്‍ ഭര്‍ത്ത വാത്മീകിയാണ് അരുണയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതെന്ന് പിന്നീട് തെളിഞ്ഞു. നഴ്‌സുമാര്‍ക്കുള്ള സ്വകാര്യ മുറിയില്‍ വസ്ത്രം മാറുമ്പോഴായിരുന്നു അരുണയെ ഇയാള്‍ പട്ടികളെ കെട്ടുന്ന ചങ്ങല ഉപയോഗിച്ച് കീഴടക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. ചങ്ങല കഴുത്തില്‍ മുറുകിയതിനെ തുടര്‍ന്ന് ഇവരുടെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ പ്രവാഹം നിലയ്ക്കുകയും ഇവര്‍ അബോധാവസ്ഥയിലാകുകയും ആയിരുന്നു. തുടര്‍ന്ന് തലച്ചോറിന്റെ പ്രവര്‍ത്തനം ഇല്ലാതായ ഇവര്‍ക്ക് കാഴ്ച ശക്തിയും നഷ്ടമായി.
അരുണയുടെ ഈ ‘മരണ ജീവതം’ തുടങ്ങിയിട്ട് ഇന്നലെ രാത്രി 38 വയസ്സ് പൂര്‍ത്തിയായി. മനുഷ്യരൂപം പൂണ്ട ഒരു മൃഗത്തിന്റ ലൈംഗിക പീഡനത്തിലൂടെ ജീവച്ഛവമായി മാറിയ അരുണ ഇന്നും ജീവിക്കുകയാണ്. സംഭവം നടന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തകയുടെ അന്വേഷണത്തിലൂടെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് അരുണ ഇരയായതെന്ന ഞട്ടിപ്പിക്കുന്ന സത്യം ലോകമറിഞ്ഞത്. എന്നാല്‍ അപ്പോഴേക്കും സോഹന്‍ലാല്‍ ഏഴു വര്‍ഷത്തെ ലഘു ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുകയും ചെയ്തിരുന്നു. കവര്‍ച്ചാ ശ്രമത്തിനും വധശ്രമത്തിനും മാത്രമാണ് അന്ന് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.
ലൈംഗിക പീഡനം എന്ന തലക്കെട്ടിലെ വാര്‍ത്തകള്‍ വായിക്കുമ്പോഴെല്ലാം നമ്മള്‍ അമിത താല്‍പര്യത്തിലൂടെ വായിക്കുകയും പിന്നീട് സമൂഹത്തില്‍ നമ്മുടെ മുമ്പില്‍ തന്നെ നടക്കുകയും ചെയ്യുന്ന ഇത്തരം അതിക്രമങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് അരുണയുടെ കഥ. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ ഒരു ഒറ്റക്കയ്യന്റെ പീഡനത്തിനിരയായ സൗമ്യ എന്ന പെണ്‍കുട്ടിയുടെ കഥയെ ഇന്നും ഈ രാജ്യം വേദനയോടെ മാത്രമേ ഓര്‍ക്കുന്നുള്ളൂ. 38 വര്‍ഷങ്ങള്‍ക്ക് ലൈംഗിക പീഡനങ്ങള്‍ വാര്‍ത്തയാകാതിരുന്ന ഒരു കാലത്ത് പീഡിപ്പിക്കപ്പെട്ട അരുണയുടെ കഥയെയോ? സൗമ്യയുടേതിന് സമാനമായി വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പാണ് അരുണയും പീഡിപ്പിക്കപ്പെട്ടത്. സൗമ്യയുടെ ദുരിതം ആ മരണത്തോടെ അവസാനിച്ചു എന്നാല്‍ അരുണയുടേത് ഇന്നും തുടരുകയാണ്.
കിങ്ങ് എഡ്വര്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലിലെ നഴ്‌സുമാരുടെ മനുഷ്യത്വവും സ്‌നേഹപൂര്‍ണ്ണവുമായ പരിചരണത്തിനു നടുവിലാണ് അരുണയിപ്പോള്‍. അന്ന് ഭാവി ഭര്‍ത്താവും കുടുംബവും കൈവിട്ട അരുണയെ ഈ ഹോസ്പിറ്റലിലെ നഴ്‌സുമാരാണ് ഏറ്റെടുത്ത് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്. സുഖകരമായ മരണം അരുണയ്ക്ക് അനുവദിക്കണമെന്ന ആവശ്യവുമായി പിങ്കി വിരാനി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും നഴ്‌സുമാര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് അന്ന് വാര്‍ത്തയായിരുന്നു. സുപ്രിംകോടതി ആ അപേക്ഷ ഈ വര്‍ഷം മാര്‍ച്ചില്‍ തള്ളിയത് അവര്‍ മധുരം വിതരണം ചെയ്താണ് ആഘോഷിച്ചത്. 63കാരിയായ അരുണ മനുഷ്യക്രൂരതയുടെ രക്തസാക്ഷിയായി ഇന്നും ജീവിക്കുന്നു.
ദയാവധം നിഷേധിച്ചെങ്കിലും, പ്രത്യേക സാഹചര്യങ്ങളില്‍ നിഷ്‌ക്രിയ ദയാവധം ആകാമെന്ന സുപ്രീം കോടതി നിയമവൃത്തങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമായി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നിഷ്‌ക്രിയ ദയാവധം വേണ്ടിവന്നാല്‍ അനുവദിക്കാനുള്ള കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരമോന്നത കോടതി പുറപ്പെടുവിച്ചു. ദയാവധം സംബന്ധിച്ച നിയമം പാര്‍ലമെന്റില്‍ രൂപപ്പെടുന്നതു വരെ ഇതായിരിക്കും രാജ്യത്തെ നിയമവും.
സ്ഥിരമായി അബോധാവസ്ഥയിലായ വ്യക്തിക്ക്, കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ വിച്ഛേദിക്കാനുള്ള വ്യവസ്ഥകള്‍ ഇന്ത്യന്‍ നിയമത്തിലില്ല. എങ്കിലും, പ്രത്യേക സാഹചര്യങ്ങളില്‍ നിഷ്‌ക്രിയ ദയാവധം അനുവദിക്കാവുന്നതാണെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ടി ആര്‍ ആണ്ടിഅര്‍ജുനയുടെ വാദം സ്വീകരിക്കുകയായിരുന്നു കോടതി. നിഷ്‌ക്രിയ ദയാവധം പോലും അനുവദിക്കാന്‍ പാടില്ലെന്ന അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയുടെ വാദം നിരാകരിക്കപ്പെടുകയും ചെയ്തു.
അരുണയ്ക്ക് ദയാവധം നിഷേധിക്കുമ്പോഴും നിഷ്‌ക്രിയ ദയാവധത്തിനുള്ള സാധ്യതകള്‍ കോടതി പൂര്‍ണമായി തള്ളിക്കളയുന്നില്ല. മാതാപിതാക്കളോ ജീവിത പങ്കാളിയോ മറ്റേതെങ്കിലും അടുത്ത ബന്ധുക്കളോ വേണം ഇതിനപേക്ഷിക്കാന്‍. ഇവരാരുമില്ലാത്ത സാഹചര്യത്തില്‍ അടുത്ത സുഹൃത്തിന്റെ സ്ഥാനത്തുള്ളവര്‍ക്ക് അപേക്ഷിക്കാം. അരുണയുടെ കാര്യത്തില്‍ ഈ സ്ഥാനത്തുള്ളത് ആശുപത്രി ജീവനക്കാരാണെന്നും ഹര്‍ജിക്കാരിയായ പിങ്കി വിരാനിയല്ല എന്നുമാണ് കോടതിയുടെ നിലപാട്. രോഗിയുടെ ഉത്തമതാത്പര്യത്തിനുള്ള തീരുമാനമായിരിക്കണം ഇത്. ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മുംബൈ ഹൈക്കോടതി വീണ്ടും ഇക്കാര്യം പരിഗണിക്കും.
അരുണയെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ പ്രശംസാര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന സാഹചര്യത്തില്‍ അവരെ ജീവിക്കാന്‍ അനുവദിക്കുക എന്നാണ് കോടതിയുടെ തീര്‍പ്പ്. അരുണയ്ക്ക് ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയത് ഇവിടുത്തെ മനുഷ്യന്റെ മനസാണ്. നിയമവും അരുണയോട് അതേ മനുഷ്യര്‍ കാണിക്കുന്ന കാരുണ്യവും ഇപ്പോള്‍ അവരെ മരിക്കാനും അനുവദിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല